സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും; കോഴിക്കോട് ജില്ല ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലൊഴികെ ഇന്നു മുതല്‍ മുതല്‍ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താപനിലയില്‍ സാധാരണ കാലാവസ്ഥയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയര്‍ച്ച ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.