ആര്‍.ഡി.ഒ ഉത്തരവ് പാലിക്കപ്പെടുന്നില്ല, കക്കൂസ് മാലിന്യത്താല്‍ കുടിവെള്ളം മലിനമായ വീടുകളില്‍ വെള്ളമെത്തിക്കാതെ വഗാഡ് കമ്പനി; ഇന്നലെ രാത്രി വെള്ളമെത്തിച്ചത് സി.പി.എം പ്രവര്‍ത്തകര്‍
കൊയിലാണ്ടി: കക്കൂസ് മാലിന്യത്താല്‍ കുടിവെള്ളം മലിനമായ വീടുകളില്‍ ജലമെത്തിക്കണമെന്ന ആര്‍.ഡി.ഒയുടെ ഉത്തരവ് പാലിക്കാതെ വഗാഡ് കമ്പനി. ഇന്നലെ കുടിവെള്ളമില്ലാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായതോടെ സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റി നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ രാത്രി പത്തുമണിയോടെ വീടുകളില്‍ വെള്ളമെത്തിക്കുകയായിരുന്നു.
കിണര്‍ മലിനമായ വീടുകളില്‍ മാര്‍ച്ച് 17 മുതല്‍ കമ്പനി ചെലവില്‍ വെളളമെത്തിക്കണമെന്നായിരുന്നു ആര്‍.ഡി.ഒയുടെ ഉത്തരവ്. അതുവരെ വെള്ളമെത്തിച്ചതിന്റെ ചെലവ് കമ്പനിയില്‍ നിന്ന് ഈടാക്കുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കിയിരുന്നു. പതിനേഴാം തിയ്യതിയും പതിനെട്ടാം തിയ്യതിയും വെള്ളമെത്തിച്ചെങ്കിലും ഇന്നലെ മുതല്‍ കമ്പനി വീടുകളിലേക്ക് വെളളം കൊണ്ടുവന്നില്ലെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
മലിനജലം കലര്‍ന്ന് പ്രദേശത്തെ വീടുകളിലെ വാട്ടര്‍ടാങ്കും ടാപ്പുകളുമെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ അവസ്ഥയില്‍ ആയിരം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന വാട്ടര്‍ടാങ്കും വെള്ളവും കമ്പനി എത്തിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം അഞ്ഞൂറ് ലിറ്ററിന്റെ ടാങ്ക് കമ്പനി എത്തിച്ചെങ്കിലും പ്രദേശവാസികള്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. നിലവില്‍ കുറഞ്ഞത് ആയിരം ലിറ്ററിന്റെ ടാങ്കെങ്കിലുമുണ്ടെങ്കിലേ ഒരു കുടുംബത്തിന് വേണ്ട വെള്ളം ശേഖരിക്കാനാവൂവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മിക്ക വീടുകൡും അഞ്ചിലേറെ ആളുകളുണ്ട്. അഞ്ചുപേര്‍ക്ക് അഞ്ഞൂറ് ലിറ്റര്‍ എന്നാണ് ആര്‍.ഡി.ഒ നിര്‍ദേശിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ശ്രീശൈലം കുന്നിലെ വഗാഡിന്റെ ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ ശരിയാംവിധം നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണ് താഴെയുള്ള നിരവധി വീടുകളിലെ കിണര്‍ മലിനമാകാന്‍ ഇടയാക്കിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.