കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/01/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ഗതാഗതം നിരോധിച്ചു
മഞ്ഞപ്പാലം – വാകയാട് റോഡിന്റെ കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം ജനുവരി 30 വരെ നിരോധിച്ചതായി പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായാണ് പരിശീലനം. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി ജനുവരി 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇ- മെയില്‍ വിലാസം : [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370179.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് നാളെയും മറ്റന്നാളും (ജനുവരി 12, 13)
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് നാളെയും മറ്റന്നാളും (ജനുവരി 12, 13) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സി- ഡിറ്റില്‍ സ്‌കാനിങ് അസിസ്റ്റന്റ്
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍- രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം.
പി.ജി. സീറ്റൊഴിവ്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എ ഇംഗ്ളീഷ്, എംകോം കോഴ്സുകള്‍ക്ക് ഓപ്പണ്‍, ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോട്സ്, വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതത് കാറ്റഗറിയിലുള്ള ക്യാപ് രജിസ്ട്രേഷന്‍(ലേറ്റ് ക്യാപ്പ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) ചെയ്ത വിദ്യാര്‍ത്ഥികള്‍ ജനുവരി 14ന് രാവിലെ 10.30ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2223243.
ലേലം 22ന്
പേരാമ്പ്ര സബ് ട്രഷറിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം സ്ഥിതിചെയ്തിരുന്ന പേരാമ്പ്ര – പയ്യോളി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ഒരു പ്ലാവും രണ്ടു പനകളും ജനുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9496000216.
നിയമസഭ സമിതി 27ന് ചേരും
കേരള നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി ജനുവരി 27 ന് ഉച്ച രണ്ട് മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിയ്ക്ക് ലഭിച്ച ഹരജികളില്‍ ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് എന്‍സിഎ, എസ്സി കാറ്റഗറി നം. 107/2021 തസ്തികയ്ക്ക് 2021 ഏപ്രില്‍ മൂന്ന് ഗസറ്റ് വിജ്ഞാന പ്രകാരം യോഗ്യരായ അപേക്ഷകര്‍ ആരും ലഭ്യമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
മരം ലേലം 19ന്
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ജനുവരി 19ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.
മണ്ണ് ലേലം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായിയുളള ചുവന്ന മണ്ണ് ജനുവരി 19 ന് ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.
ദര്‍ഘാസ് തിയ്യതി പുനഃക്രമീകരിച്ചു
ചില സാങ്കേതിക കാരണങ്ങളാല്‍ നാളെ (ജനുവരി 12) നടത്താനിരുന്ന അത്തോളി ഗ്രാമ പഞ്ചായത്തിന്റെ പൊതുമരാമത്തു പ്രവര്‍ത്തികളുടെ ദര്‍ഘാസ് തിയ്യതി ജനുവരി 17ന് രാവിലെ 10 മുതല്‍ 12 വരെ പുന:ക്രമീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
ജില്ലയില്‍ 801 പേര്‍ക്ക് കോവിഡ്; രോഗമുക്തി 299, ടി.പി.ആര്‍: 15.27 ശതമാനം
ജില്ലയില്‍ ഇന്ന് 801 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 771 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 8 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 17 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,360 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 299 പേര്‍ കൂടി രോഗമുക്തി നേടി. 15.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5,163 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,292 പേര്‍ ഉള്‍പ്പടെ 17,435 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,05,884 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,495 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 5163
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 69
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 57
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0
സ്വകാര്യ ആശുപത്രികള്‍ – 143
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 4,093