ധീരജിന് അന്ത്യാഭിവാദ്യം നല്‍കി കൊയിലാണ്ടി; വികാര നിർഭരമായ യാത്രയയപ്പിന് ശേഷം വിലാപയാത്ര കണ്ണൂരിലേക്ക് തിരിച്ചു (വീഡിയോ കാണാം)


കൊയിലാണ്ടി: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഭിവാദ്യം നൽകി കൊയിലാണ്ടി. ധീരജിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കൊയിലാണ്ടിയുടെ മണ്ണിലെത്തിയപ്പോൾ തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെയാണ് ധീരജിന് കൊയിലാണ്ടി വിട നൽകിയത്.

(വീഡിയോ പൂർണ്ണരൂപത്തിൽ താഴെ കാണാം)

നേരത്തേ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ധീരജിന്റെ മൃതദേഹം കൊയിലാണ്ടിയിൽ എത്തിയത്. വൈകീട്ട് നാലരയ്ക്ക് എത്തുമെന്നാണ് നേരത്തേ നിശ്ചയിച്ചതെങ്കിലും ധീരജിനെ അവസാനമായി കാണാൻ നിരവധി പേർ വിവിധ ഇടങ്ങളിലേക്ക് ഒഴുകിയെത്തിയപ്പോൾ മുൻനിശ്ചയിച്ച സമയക്രമങ്ങൾ തെറ്റുകയായിരുന്നു.

രാത്രി ഒമ്പതരയോടെയാണ് ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കൊയിലാണ്ടി നഗരഹൃദയത്തിൽ എത്തിയത്. സമയം വൈകിയതിനാൽ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയവർക്ക് ഒരു നോക്ക് കാണാനുള്ള അവസരമേ ഉണ്ടായിരുന്നുള്ളു.

വൈകീട്ട് നാലരയോടെ വിലാപയാത്ര എത്തുമെന്നാണ് നേരത്തേയുള്ള വിവരം എന്നതിനാൽ അതിനു മുമ്പ് തന്നെ നിരവധി പേർ കൊയിലാണ്ടിയിൽ എത്തിയിരുന്നു. രാത്രി ഏറെ വൈകിയും നൂറുകണക്കിന് ആളുകളാണ് ധീരജിനെ ഒരു നോക്ക് കാണാനായി കൊയിലാണ്ടിയിൽ എത്തിയത്.

ഇടുക്കി മുതല്‍ ധീരജിന്റെ കണ്ണൂരിലെ പാലക്കുളങ്ങരയിലെ വസതി വരെ വിവിധയിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു കൊണ്ടാണ് വിലാപയാത്ര വരുന്നത്. രാവിലെ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ബൈപ്പാസ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലായിരുന്നു പൊതുദര്‍ശനം.

കുയിലിമലയിലെ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഇന്നലെ ഉച്ചയോടെ നടന്ന അക്രമത്തിലാണ് കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജിനെ കുത്തി കൊലപ്പെടുത്തിയത്.

സംഭവവുമായി  രണ്ട് പേര്‍ അറസ്റ്റില്‍. ജില്ലാ സെക്രട്ടറി നിഖില്‍ പൈലി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലാണ് പിടിയിലായത്. കൊലപാതക ശേഷം അലക്സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. കസ്റ്റഡിയിയിലുള്ള മറ്റു പ്രതികള്‍ സജീവ കെ.എസ്.യു പ്രവര്‍ത്തകരും നേതാക്കളുമാണ്.

വീഡിയോ കാണാം: