സാമൂഹികമാധ്യമം വഴി വായ്പ വാഗ്‌ദാനം ചെയ്ത് പണം തട്ടി; വടകര സ്വദേശിയായ 23-കാരൻ അറസ്റ്റിൽ


വടകര: സാമൂഹികമാധ്യമം വഴി വായ്പ വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിൽ വടകര സ്വദേശി അറസ്റ്റിൽ. വടകര സ്വദേശി വലിയപറമ്പത്ത് വീട്ടിൽ റിംഷാദി(23)നെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. കണ്ടശ്ശാംകടവിലെ യുവാവിൽനിന്ന് 50,000 രൂപയുടെ വായ്പ ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് 18,500 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് വായ്പ വാഗ്ദാനം ചെയ്ത് ഇയാൾ പോസ്റ്റിട്ടത്. തുടർന്ന് 50,000 രൂപയുടെ ലോണിനായി കണ്ടശ്ശാംകടവ് സ്വദേശി അപേക്ഷ നൽകി. തുടർന്ന് വായ്പ അനുവദിച്ചുവെങ്കിലും സിബിൽ സ്കോർ കുറവായതിനാൽ ആദ്യം 18,500 രൂപ അടയ്ക്കണമെന്ന് നിർദേശം ലഭിച്ചു. വായ്പസംഖ്യ ലഭിക്കുമ്പോൾ ഇതും ചേർത്ത് നൽകുമെന്നും അറിയിപ്പ് വന്നു.

ഗൂഗിൾ പേ വഴി പണം നൽകി ആഴ്ച‌കൾ കഴിഞ്ഞിട്ടും വായ്പത്തുക ലഭിച്ചില്ല. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്ന സന്ദേശം ലഭിച്ചു. ചതിക്കപ്പെട്ടെന്ന സംശയത്തെത്തുടർന്നാണ് അന്തിക്കാട് പോലീസിൽ പരാതി നൽകിയത്. മൊബെെൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി നടത്തിയ സമാനരീതിയിലുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.