അറ്റകുറ്റപ്പണി കൃത്യമായി നടത്തിയില്ല; ഡാമിലെ ചോര്‍ച്ചയെ തുടര്‍ന്ന് വിയ്യൂരിലേക്കുള്ള വെള്ളം നിലച്ചു; കക്കുളം പാടശേഖരത്തെ പത്തേക്കറിലെ കൃഷി നാശത്തിലേക്ക്
വിയ്യൂര്‍: കനാല്‍ വെള്ളം പ്രതീക്ഷിച്ച് നടത്തിയ വിയ്യൂര്‍ കക്കുളം പാടശേഖരത്തെ പത്തേക്കറിലെ കൃഷി ഒട്ടുമുക്കാലും നശിച്ചതായി കര്‍ഷകര്‍. കനാലിലൂടെ ആവശ്യത്തിന് വെള്ളം തുറന്നുവിടാത്തത് കാരണം പച്ചക്കറികളും വാഴകളുമെല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.
ജലസേചന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് വഴിവെക്കുന്നതെന്നാണ് വിയ്യൂരിലെ കര്‍ഷകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. നിലവില്‍ ഡാമിലെ ചോര്‍ച്ച കാരണമാണ് വെള്ളം തുറന്നുവിടാത്തതെന്നാണ് ജലസേചന വകുപ്പില്‍ നിന്നും കര്‍ഷകര്‍ക്കു ലഭിച്ച വിവരം. വെള്ളം നന്നായി ഉണങ്ങിയശേഷം ചോര്‍ച്ച കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുമെന്നും ഇതിനുള്ള സമയമാണ് എടുക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
എന്നാല്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് വരള്‍ച്ചാ സമയത്ത് വെള്ളം തുറന്നുവിടാന്‍ കഴിയാതെ വരുന്നതിന് കാരണമെന്നും കര്‍ഷകര്‍ പറയുന്നു. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് കനാലിലൂടെ വെള്ളം തുറന്നുവിടുന്നത്. ബാക്കി ഒമ്പതുമാസം കനാല്‍ അറ്റകുറ്റപ്പണിയ്ക്കും മറ്റും ധാരാളം സമയമുണ്ട്. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി ട്രെയല്‍ റണ്‍ പോലും നടത്താറില്ല.
കനാലിലെ മണ്ണും കാടും നീക്കം ചെയ്യുന്നതിനും പ്രധാന്യം കൊടുക്കാറില്ല. ഇതുകൊണ്ടുതന്നെ കനാലിന് കേടുപാടുകളുണ്ടോയെന്ന് നേരത്തെ മനസിലാക്കാന്‍ കഴിയാതെ വരികയും വെള്ളം ശരിയായി ഒഴുകാത്ത അവസ്ഥ വരികയും ചെയ്യുന്നു. നിലവില്‍ പന്തലായനിയിലെ അക്വഡേറ്റ് വരെ വെള്ളം എത്തുന്നുണ്ട്. അവിടുന്നിങ്ങോട്ട് പലമേഖലകളും കൊടുംവരള്‍ച്ചയുടെയും കൃഷിനാശത്തിന്റെ വക്കിലാണെന്നും കര്‍ഷകര്‍ പറയുന്നു.