മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് തോടിന്റെ സംഭരണശേഷിയും ഒഴുക്കും സുഖമമാക്കുവാന്‍ പദ്ധതി; കരുവോട് ചിറ കനാല്‍ നവീകരണത്തിന് 50 ലക്ഷത്തിന്റെ ഭരണാനുമതി


കോഴിക്കോട്: ജില്ലയിലെ പ്രധാന നെല്‍പ്പാടങ്ങളില്‍ ഒന്നായ കരുവോട് ചിറ നവീകരണത്തിനായി ഫണ്ട് അനുവദിച്ചു. കരുവോട് ചിറയുടെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന നടുത്തോടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് തോടിന്റെ സംഭരണശേഷിയും ഒഴുക്കും സുഖമാക്കുന്നതിനും, കൂടാതെ ചെറുവണ്ണര്‍ പഞ്ചായത്തിലെപുതുക്കുടി ഭാഗത്ത് പുതുതായി മണ്‍ ചാനല്‍ നിര്‍മ്മിക്കുന്നതിനും ആയി 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

കരുവോട് ചിറ പാടശേഖരങ്ങളില്‍ ജലസേചന സൗകര്യം ഒരുക്കുന്നതിനും കുറ്റ്യാടി പുഴയില്‍ നിന്നും ഉപ്പു വെള്ളം കയറുന്നത് തടയുന്നതിനും പാടശേഖരങ്ങളില്‍ അധികമുള്ള ജലം പുറത്തേക്ക് ഒഴിവാക്കി ജല ക്രമീകരണം നടത്തിനെല്‍കൃഷി നടത്തുന്നതിനുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് കരുവോട് ചിറ (SWE) സ്‌കീം.

2023-24 വര്‍ഷത്തെ പ്ലാന്‍ഫണ്ട് വിഹിതമായി ലഭിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പമ്പ് ഹൗസിന്റെ പുനരുധാരണവും ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തീകരിച്ചു. കൂടാതെ വാട്ടര്‍ ടാങ്ക്, പൈപ്പ് ലൈന്‍, ഫീല്‍ഡ് ചാനല്‍ മുതലായവ പൂര്‍ത്തീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി ഈ വര്‍ഷം മലയില്‍ വളപ്പില്‍ താഴെ ഭാഗത്ത് വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. തുറയൂര്‍ പഞ്ചായത്ത് ഭാഗത്തുള്ള ഈ ഫീല്‍ഡ് ചാനല്‍ കളത്തില്‍ താഴെ ഭാഗത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക അനുമതി നല്‍കി ഉടന്‍ തന്നെ പ്രവര്‍ത്തിനടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ചെറുകിട ജലസേചന വിഭാഗം സ്വീകരിച്ചു വരുന്നു. കൂടാതെ കാലപ്പഴക്കത്താല്‍ നശിക്കാറായ പഴയ റെഗുലേറ്റര്‍ കം ബ്രിഡ്ജ് (വിയ്യം ചിറ) പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിസൈന്‍ ഐ.ഡി.ആര്‍.ബിയും തയ്യാറാക്കി. 180 ഹെക്ടര്‍ ആഴക്കെട്ട് പരിധിയുള്ള ഈ ആര്‍.സി.ബിയുടെ യുടെ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റില്‍ 10 കോടി അനുവദിക്കുകയും 20 ശതമാനം തുക വകയിരുത്തിയിട്ടുമുണ്ട്.