സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ ആറ്‌ മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും കൈയിലും
നെഞ്ചിലുമാണ് മുറിവുകളുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. നിലവില്‍ കൊയിലാണ്ടി സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം, കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ്, രണ്ട് എ.എസ്‌..ഐമാര്‍,അഞ്ച്‌ എസ്.ഐമാര്‍, രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക.

സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണോ അക്രമണം നടത്തിയെന്ന് പോലീസ് പരിശോധിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിലവില്‍ പോലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ വിലാപയാത്രയായി കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. അവിടെ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായി പെരുവട്ടൂരിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.