കാര്‍ഡുകള്‍ ഇനിയും മസ്റ്ററിങ് ചെയ്തില്ലേ? ഏപ്രില്‍ മുതല്‍ റേഷന്‍ ലഭിക്കില്ല; വിശദമായി അറിയാം
കൊയിലാണ്ടി: മാര്‍ച്ച് 31നകം മസ്റ്ററിങ് ( ജീവിച്ചിരിക്കുന്നെന്നും അര്‍ഹരാണെന്നും ഉറപ്പാക്കല്‍) പൂര്‍ത്തിയാക്കാത്ത കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മുതല്‍ റേഷന്‍ മുടങ്ങും. ബി.പി.എല്‍.എ.എ.വൈ കാര്‍ഡുടമകളാണ് മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത്. ഇത്തരം കാര്‍ഡുകളിലെ അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് നടപടി.
ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നും ഇ-പോസ് യന്ത്രം വഴി മസ്റ്ററിങ് ചെയ്യാവുന്നതാണ്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മസ്റ്ററിങ് 2024 ജനുവരിയില്‍ പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. എന്നാല്‍ സംസ്ഥാനം അപേക്ഷിച്ചതിനെത്തുടര്‍ന്ന് നീട്ടുകയായിരുന്നു.
സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റാനുകൂല്യവും അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയുകയാണ് മസ്റ്ററിങ്ങിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മൊത്തം 35,49,592 ബി.പി.എല്‍ കാര്‍ഡും 5,89,367 എ.എ.വൈ കാര്‍ഡുകളുമാണുള്ളത്. എല്ലാവരുടെയും മസ്റ്ററിങ് ഉറപ്പുവരുത്തുന്നതിനായി ആദ്യഘട്ട മസ്റ്ററിങിനു ശേഷം പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.