വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ നടപടി; സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണയാക്കാന്‍ നീക്കം


ന്യൂഡല്‍ഹി: പഠന ഭാരത്താല്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാനായി 2025-26 അധ്യയനവര്‍ഷംമുതല്‍ സി.ബി.എസ്.ഇ. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ തീരുമാനം. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ക്രമത്തിലാണ് മാറ്റം വരുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ അറിയിച്ചു.

വാര്‍ഷികപരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സമ്മര്‍ദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢില്‍ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റര്‍ സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികളിലെ അക്കാദമിക് സമ്മര്‍ദം കുറയ്ക്കുകയെന്നതാണ് 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെഭാഗമാണ് ഇരട്ടവാര്‍ഷിക പരീക്ഷ. ആദ്യ വാര്‍ഷികപരീക്ഷയില്‍ മികച്ചപ്രകടനം നടത്താനാകാത്തവര്‍ക്ക് അടുത്ത പരീക്ഷയില്‍ പങ്കെടുക്കാം.

ആദ്യപരീക്ഷയില്‍ നല്ലമാര്‍ക്ക് നേടിയ കുട്ടി അടുത്തപരീക്ഷയ്ക്ക് എത്തണമെന്നില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് 2025 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആദ്യ വാര്‍ഷികപരീക്ഷയും 2026 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ രണ്ടാമത്തെ പരീക്ഷയും നടക്കും.

രണ്ട് പരീക്ഷകളിലെ മികച്ച മാര്‍ക്കായിരിക്കും അന്തിമഫലത്തിനായും മെറിറ്റ് ലിസ്റ്റിനുമായി തിരഞ്ഞെടുക്കുക. 2021ല്‍ കോവിഡ് മൂലം സി.ബി.എസ.ഇ. വാര്‍ഷികപരീക്ഷകള്‍ രണ്ട് തവണയായി നടത്തിയിരുന്നു. ഈവര്‍ഷം 36 ലക്ഷം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.