ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ബ്രേക്ക്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സിടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചതായി പരാതി; നടപടി ആവശ്യപ്പെട്ട്‌ സിഐടിയു


കൊയിലാണ്ടി: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ബ്രേക്ക് നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സിടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചതായി പരാതി. രണ്ടായിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ സിടി സ്‌കാനിന്റെ പ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ നിര്‍ത്തിവെച്ചത്. ദിനംപ്രതി പത്തോളം സ്‌കാനുകള്‍ ഇവിടെ നിന്നും ചെയ്യാറുണ്ട്.

മൂന്ന് ദിവസം തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാലാമത്തെ ദിവസം നിര്‍ബന്ധിച ബ്രേക്ക് നല്‍കിയതുകൊണ്ടാണ് ഇത്തരത്തില്‍ സിടി സ്‌കാന്‍ നിര്‍ത്തിവെച്ചത്. ആശുപത്രി വകസന സമിതിയുടെ തീരുമാനമില്ലാതെയാണ് ആശുപത്രി സൂപ്രണ്ടും, ലേ സെക്രട്ടറിയും ചേര്‍ന്ന് എച്ച്എംസിക്ക് കീഴിലുള്ള ജീവനക്കാരെ കൊണ്ട് നിര്‍ബന്ധിത ബ്രേക്ക് എടുപ്പിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും രോഗികളെയും വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

സിടി സ്‌കാന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെതിരെ വകുപ്പ്തല അന്വേഷം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ബ്രാഞ്ച് ആവശ്യപ്പെട്ടു.