കേന്ദ്ര നയങ്ങള്‍ക്കെതിരെ നാളെ ഭാരത് ബന്ദ്; കേരളത്തിൽ പ്രതിഷേധ ദിനം


തിരുവന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ നാളെ ഭാരത് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത്.

കേരളത്തില്‍ ബന്ദ് ബാധിക്കില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ ഓഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.

രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.