ഫെബ്രുവരി 16ലെ ഭാരത് ബന്ദ്; എല്ലാ ദേശീയപാതകളും അടച്ചിടും, കടകള്‍ തുറക്കരുതെന്ന് കര്‍ഷക സംഘടനകള്‍
ന്യൂദല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് നടക്കാനിരിക്കുന്ന ഭാരതബന്ദിന്റെ ഭാഗമായി നാലുമണിക്കൂര്‍ നേരം എല്ലാദേശീയപാതകളും അടച്ചിടും. സംയുക്ത കിസാന്‍ മോര്‍ച്ച നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ.ദര്ശന്പാലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ കര്‍ഷക തൊഴിലാളി സംഘടനകളാണ് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം എല്ലാ കടകളും അടച്ചിടണമെന്ന് കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.
രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ബന്ദ്. ഉച്ചക്ക് 12 മുതല്‍ നാലുവരെ കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തൊഴിലുറപ്പ് പണിക്കാര്, കര്‍ഷക തൊഴിലാളികള്‍, ഗ്രാമീണ തൊഴിലാളികള്‍ എന്നിവര്‍ അന്ന് ജോലിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആംബുലന്‍സുകള്‍, മരണം, വിവാഹം, മെഡിക്കല്‍ ഷോപ്പ്, പാല്, പത്രം, പരീക്ഷ, വിമാനത്താവള യാത്രക്കാര്‍ എന്നിവരെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറി, മറ്റ് വിളകള്‍ എന്നിവയുടെ വിതരണം വാങ്ങല്‍ എന്നിവ നിര്‍ത്തി വെക്കും. വിവിധ ചന്തകള്‍, സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍,ഗ്രാമീണ വ്യവസ്ഥയ മേഖലയിലെ സ്ഥാനങ്ങള്‍ എന്നിവ അടച്ചിടാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.