ഇന്ന് ദേശീയ വിരവിമുക്തി ദിനം; വിരബാധയുടെ ലക്ഷണങ്ങളും പ്രതിരോധവും വിശദമായി അറിയാം
കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് വിരബാധ. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ സ്കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64 % കുട്ടികളില്‍ വിരബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ വിരബാധ തടയാന്‍ സാധിക്കും.
വിരബാധയുടെ ലക്ഷണങ്ങള്‍
മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍
മലത്തില്‍ വിരകള്‍ കാണപ്പെടുക
ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക
വിളര്‍ച്ച തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്,
മലബന്ധം
വയറുവേദന
വിരബാധയുള്ള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.
വിരബാധ പ്രതിരോധം
കുട്ടികളുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക
അടിവസ്ത്രങ്ങൾ ദിവസവും മാറ്റുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ആൽബൻഡ സോൾ ഗുളിക കഴിക്കുക
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം പാടില്ല
ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക
ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
മനുഷരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങൾ ശരിയായി സംസ്കരിക്കുക
ഭക്ഷണം അടച്ച് സൂക്ഷിക്കുക.