കച്ചവടം 50% കുറഞ്ഞു, ആകെ പ്രതിസന്ധിയില്‍; സംഭാവനകള്‍ക്ക് സമീപിക്കരുതെന്ന് കൊയിലാണ്ടിയിലെ വ്യാപാരികള്‍


കൊയിലാണ്ടി: കടുത്ത വ്യാപാര മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ സംഭാവനകള്‍ തരാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ച് കൊയിലാണ്ടിയിലെ വ്യാപാരികള്‍. ഇക്കാര്യം അറിയിച്ച് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. എല്ലാവരും സഹകരിക്കണമെന്നും പോസ്റ്ററില്‍ അഭ്യര്‍ത്ഥിക്കുന്നു.

വ്യാപാര സമൂഹം വീണ്ടും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കാന്‍ നിര്‍ബന്ധിതരായതെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിയാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം, കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് വലിയ മാളുകളുടെ അനവസരത്തിലുള്ള ഓഫാറുകള്‍ സാധാരണകാരന് ജോലിക്കുറവ്, ഇതെല്ലാം വ്യാപാരമേഖലയെ വല്ലാതെ തളര്‍ത്തുന്നു. അതിലുപരി നിത്യോപയോഗ സാധങ്ങളുടെ വിലകയറ്റം ചെറുകിട വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനുശേഷം ഒന്ന് പച്ചപ്പിടിച്ചു വന്ന വ്യാപാര മേഖല പിന്നെ വളരെ പിന്നോക്കം പോകുന്നതാണ് കണ്ടത്. കച്ചവടം 45 -50% മായി കുറഞ്ഞു. പുതുതായി കടന്നുവന്ന പല വ്യാപാരസ്ഥാപനങ്ങളും അടച്ചു പുട്ടേണ്ടിവന്നു. കൊയിലാണ്ടി ഏകദേശം 50 ഓളം സ്ഥാപനങ്ങള്‍ങ്ങള്‍ക്ക് പൂട്ടിടേണ്ട അവസ്ഥ വന്നു. ഒരു പ്രദേശത്ത് വ്യാപാരസ്ഥാപനം ഇല്ലാതാകുമ്പോള്‍ അനേകം തൊഴില്‍ ഇടങ്ങള്‍ നഷ്ടപ്പെടുന്നു. അങ്ങിനെ തൊഴിലാളികളും പ്രയാസം അനുഭവിക്കുന്നു. ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ ജനങ്ങളുടെ സഹകരണവും ഗവണ്മെന്റ് ഭാഗത്ത് നിന്നും ഇടപെടലും അത്യാവശ്യമാണ്. ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍ സംഭാവന പോലും തത്കാലം നിര്‍ത്തിവെക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധി തരാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.