”അഞ്ച് ദിവസംകൊണ്ട് അഞ്ഞൂറ് ദിനത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച സിംഗപ്പൂര്‍, ഒടുവില്‍ ഒട്ടുംപ്രതീക്ഷിക്കാതെ ഞങ്ങള്ക്കരികിലേക്കെത്തിയ ജാക്കിചാനും” കൊയിലാണ്ടി സ്വദേശിനി കോമളം രാധാകൃഷ്ണന് എഴുതുന്നു
2017 ജൂലൈ 28നായിരുന്നു സ്വപ്നസാഫല്യമായ ആ സിംഗപ്പൂര്‍ യാത്ര. ജീവിതത്തിലാദ്യത്തെ വിദേശയാത്ര, ആദ്യ വിമാനയാത്ര അങ്ങനെ കൗതുകങ്ങള്‍ ഒരുപാടുണ്ടായിരുന്നു ആ യാത്രയ്ക്ക്. സിംഗപ്പൂരില്‍ പഠിക്കുകയായിരുന്ന മകന് രോഹിത്തും ബംഗ്ലാദേശുകാരിയായ സുഹൃത്ത് തനിമയും എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. രോഹിത്തിന്റെ കോണ്വൊക്കേഷന് ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഞാനും ഭര്‍ത്താവ് രാധേട്ടനുമടക്കമുള്ള നാല്‍വര്‍ സംഘം അഞ്ച് ദിവസത്തെ ടൂര്‍പാക്കേജില്‍ സിംഗപ്പൂരിലേക്ക് തിരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം കയറിയത്. സിംഗപ്പൂര്‍ സമയം രാവിലെ ഏഴരയോടെ തന്നെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ലിറ്റില്‍ ഇന്ത്യ എന്ന സ്ഥലത്താണ് താമസിച്ചത്. പേര് പോലെ തന്നെ അതൊരു കൊച്ച് ഇന്ത്യയാണ്. ഇന്ത്യന്‍ ഭക്ഷണവും പ്രത്യേകിച്ച് നമ്മുടെ ഇഡ്ലിയും ദോശയുമൊക്കെ കിട്ടുന്ന ഇടം. അവിടുത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങള്‍ നാട് വിട്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ ഇപ്പുറമാണെന്ന തോന്നലേ ഉണ്ടായില്ല. ഹോട്ടല്‍മുറിയിലെത്തി ഒന്ന് ഫ്രഷ് ആയി ഉച്ചഭക്ഷണമൊക്കെ കഴിച്ചയുടന്‍ തന്നെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങി. ആകെ മൂന്ന് നാല് ദിവസങ്ങളേ സിംഗപ്പൂരുള്ളൂ, അപ്പോള്‍ പിന്നെ മുറിയില്‍ അടച്ചിരുന്ന് വെറുതെ സമയം കളയാതെ പരമാവധി സിംഗപ്പൂരിലെ കാഴ്ചകള്‍ കാണുകയെന്ന തിടക്കുമായിരുന്നു ഞങ്ങള്‍ക്ക്.
ഏറെ പറഞ്ഞുകേട്ട സിംഗപ്പൂരിലെ മൃഗശാലയായിരുന്നു ആദ്യം പോയ ഇടം. മൃഗങ്ങളെല്ലാം കാട്ടില്‍ യഥേഷ്ടം വിഹരിക്കുംപോലെ മൃഗശാലയിലും വിഹരിക്കുകയാണ്. ചെറിയ തുറന്ന ട്രെയിന്പോലുള്ള വണ്ടിയിലാണ് ‘ആ കാട്ടിലൂടെ’ ഞങ്ങള്‍ നീങ്ങുകയാണ്, പുറത്തെ കാഴ്ചകളും കണ്ട്. അവിടെ അതിശയിപ്പിച്ച ഒരു കാഴ്ചയായിരുന്നു ഗ്ലാസ് ടാങ്കിനുള്ളില്‍ കുളിച്ച് രസിക്കുന്ന വലിയ നീര്ക്കുതിരയുടേത്. ഗ്ലാസ് ടാങ്കായതുകൊണ്ടുതന്നെ പുറത്തുനിന്ന് നോക്കിയാല്‍ അതിന്റെ എല്ലാ കളികളും കാണാം.
രണ്ട് മൂന്ന് മണിക്കൂര്‍ അവിടെ ചിലവഴിച്ചശേഷം ബോട്ടുജെട്ടിയിലേക്ക് പോയി. ഈ ബോട്ടുജെട്ടിയിലെന്ത് കാണാന്‍ എന്ന ധരിക്കേണ്ട, അവിടെ നമ്മുക്ക് മനോഹരമായ മീനുകള്‍ക്ക് ഇടയിലൂടെ യാത്ര ചെയ്യാം. എങ്ങനെയെന്ന് അതിശയം തോന്നുന്നുണ്ടോ? തുരങ്കം പോലുള്ള വഴിയിലൂടെയാണ് ബോട്ടുജെട്ടിയിലേക്കുള്ള യാത്ര. അവിടെ അക്വേറിയം പോലെ ചില്ലുകൂട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളാണ്. ആ ചില്ലുകൂട്ടിനിടയിലൂടെയാണ് നമ്മുടെ വഴി. ഇരുഭാഗത്തും മുകളിലുമെല്ലാം മനോഹരമായ മത്സ്യങ്ങളാണ്. കടലിനടിയിലൂടെ നമ്മള് നടന്നുപോകുന്നതുപോലെ തോന്നും. ചെറിയൊരു ഷോപ്പിങ്ങോടുകൂടി അന്നത്തെ സഞ്ചാരം അവസാനിപ്പിച്ച് മുറിയിലേക്ക് മടങ്ങി.
നന്നായൊന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും തലേദിവസത്തെ ക്ഷീണമെല്ലാം പോയിരുന്നു. ഇനിയും സിംഗപ്പൂരിനെ കണ്ടറിയാനുള്ള എക്സൈറ്റ്മെന്റുകൊണ്ടോ എന്തോ മടിയൊന്നുമില്ലാതെ പെട്ടെന്ന് തയ്യാറായി പ്രഭാതഭക്ഷണവും കഴിച്ച് യാത്ര തുടങ്ങി. പോയത് സിംഗപ്പൂര്‍ ഫ്ളയറിലേക്കാണ്. നമ്മുടെ നാട്ടിലെ കാര്‍ണിവെല്‍ സ്ഥലങ്ങളില്‍ കാണുന്ന ജെയിന്റ് വീല്‍ പോലെ വലിയൊരു ചക്രവും വലിയ തൊട്ടില് പോലുള്ള ഗ്ലാസുകൊണ്ട് മുഴുവനായി പൊതിഞ്ഞ ഒരു പേടകവും. പേടകം സ്റ്റാന്റിന്റെ അടുത്ത് വന്നപ്പോള്‍ മെല്ലെ ഡോര്‍ തുറന്നു. ഞങ്ങളെല്ലാം അകത്തു കയറിയപ്പോള്‍ ഡോര്‍ അടഞ്ഞു. ഉള്ളില്‍ എ.സിയുടെ തണുപ്പാണ്. മെല്ലെ മെല്ലെ അത് കറങ്ങാന്‍ തുടങ്ങി. നമ്മള് ഒട്ടും അറിയുകപോലുമില്ല, കറങ്ങുകയാണെന്ന് മനസിലായതുതന്നെ പുറത്തെ കാഴ്ചകള്‍ മാറിമാറി വന്നപ്പോഴാണ്. സിംഗപ്പൂര്‍ സിറ്റിയുടെ സൗന്ദര്യം ആ ഗ്ലാസിലൂടെ ഞാന്‍ കണ്ടു. കണ്ണെത്താ ദൂരത്ത് കെട്ടിടങ്ങളാണ്. ഫ്ളയറിന് പുറത്തിറങ്ങിയപ്പോഴും ആ കാഴ്ചകള്‍ കണ്മുന്നിലുള്ളതുപോലെ തോന്നി കുറേയേറെ നേരം.
അന്ന് ഉച്ചയ്ക്ക് ശേഷമാണ് എന്റെ സ്വപ്നമായിരുന്ന സ്കൈ പാര്‍ക്ക് കാണാന്‍ മെറീനാബൈയില് എത്തിയത്. അംബരചുംബികളായ മൂന്ന് കൂറ്റന്‍ കെട്ടിടങ്ങളാണ്, മുകളില്‍ ഈ മൂന്ന് കെട്ടിടങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ബോട്ടിന്റെ രൂപത്തില്‍ തീര്‍ത്ത ഒരു കെട്ടിടം, അതാണ് സ്കൈ പാര്‍ക്ക്. താഴത്തെ നിലയില്‍ നിന്ന് പാസ് എടുത്ത് മുകളിലേക്ക് പോകാനുള്ള ലിഫ്റ്റിന്റെ അടുത്ത് പോയി നിന്നു. കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ തന്നെ നാം അത്ഭുതപ്പെട്ട് പോകും. മനുഷ്യന്റെ കരവിരുതിന്റെയും സാങ്കേതിക വിദ്യകളുടെയും സമന്വയം ആരെയും അതിശയിപ്പിക്കും. ലിഫ്റ്റില്‍ കയറി മുകളിലെത്തി പുറത്തിറങ്ങിയാല്‍ സ്കൈ പാര്‍ക്കിലെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ടെറസ്സിലെത്തും. അവിടെ നിന്നുള്ള സിംഗപ്പൂര്‍ നഗരത്തിന്റെ കാഴ്ച, വലിയ കെട്ടിടങ്ങളും, റോഡുകളും ഫ്ളൈ ഓവറുകളും കടലും ബോട്ടും വിമാനങ്ങള്‍ പോകുന്നതും എല്ലാം കൂടി ഏതാണ്ട് ആ നാടിന്റെ ഒട്ടുമുക്കാലും അവിടെ നിന്ന് കാണാം. ആ കാഴ്ചകണ്ട് സ്കൈപാര്‍ക്കിന്റെ ടെറസ്സില്‍ ചുറ്റി നടക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ കാഴ്ചകളായിരുന്നു. ആ കാഴ്ചകള്‍ കണ്ട് അവിടം ചുറ്റുമ്പോള്‍ സമയം പോകുന്നതേ അറിയില്ല.
മനസില്ലാമനസോടെ സ്കൈ പാര്‍ക്കിനോട് വിടപറഞ്ഞ് പോയത് മറീനാമ്പേയിലെ ഗാര്‍ഡനിലേക്കാണ്. ചിട്ടയില്‍ നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ പല പല രൂപത്തില്‍ ഒരുക്കിയ ഒരു തോട്ടം, വിശാലമായ പച്ചപ്പ് അങ്ങനെയാണ് എനിക്ക് തോന്നിയത്. പക്ഷേ അതൊക്കെ കൃത്രിമമായി നിര്‍മ്മിച്ചവയാണ്. അവയില്‍ പലതരം വള്ളികള്‍ പടര്‍ത്തി ഷേപ്പ് ചെയ്തിരിക്കുകയാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ റോപ്പ് വേ പോലുള്ള നടപ്പാതകളുണ്ട്. പൂക്കളും വള്ളിച്ചെടികളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു ഉദ്യാനം. വൃക്ഷങ്ങളിലെല്ലാം ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ ലൈറ്റ് ഷോ ഏറെ പ്രസിദ്ധമാണ്. വിവിധ പാട്ടുകള്‍ക്ക് അനുസരിച്ച് പലതരത്തിലും നിറത്തിലുമുള്ള ലൈറ്റുകള്‍ പ്രകാശിക്കും. താഴെ വൃത്തിയായി കെട്ടിയ പടികളില്‍ മലര്‍ന്ന് കിടന്ന് നമുക്ക് കണ്ണുകള്‍ക്കൊണ്ട് ആ ലൈറ്റിനൊപ്പം നൃത്തം ചെയ്യാം. സന്ധ്യയ്ക്ക് ലൈറ്റ് ഷോ തുടങ്ങുമ്പോഴേക്കും സ്വദേശികളും വിദേശികളുമായി ഉദ്യാനം നിറയെ കാഴ്ചക്കാര്‍ എത്തിയിരുന്നു. വെളിച്ചം നൃത്തം ചെയ്യുന്ന മുക്കാല്‍ മണിക്കൂര്‍ നീണ്ട ആ കാഴ്ച നമ്മളെ മറ്റേതോ ലോകത്തെത്തിക്കും. എവിടെയാണ് നോക്കേണ്ടത്, ഏതാണ് കാണേണ്ടത് എന്ന ചിന്തയില്‍ അത്ഭുതത്തോടെ എല്ലാം കണ്ടശേഷം അന്നത്തെ യാത്ര മതിയാക്കി മടങ്ങി.
ജൂലൈ 31 സിംഗപ്പൂരിലെ മൂന്നാം ദിവസം. സിംഗപ്പൂരിന്റെ മുഖമുദ്രയായ മെര്‍ലിയോണ്‍ കാണാനായിരുന്നു അന്ന് രാവിലെ തന്നെ പോയത് ഒരു വലിയ സിംഹത്തിന്റെ പ്രതിമ. അത് നില്ക്കുന്ന വിശാലമായ തടാകത്തിലാണ്. ആ സിംഹത്തിന്റെ വായില്‍ക്കൂടി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ചുറ്റുപാടും പലതരം കാഴ്ചകളും. സിംഗപ്പൂരിന്റെ ഭാഗ്യമുദ്രയാണ് ആ സിംഹരൂപം. അതിന് മുന്നിലായി ആ തടാകത്തിന്റെ മറുകരയിലാണ് കഴിഞ്ഞദിവസം ഞങ്ങള്‍ പോയ സ്കൈപാര്ക്ക്.
ഈ സ്കൈപാര്‍ക്കിന്റെ നിര്‍മ്മാണത്തിന് പിന്നിലൊരു കഥയുണ്ട്. കൂടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞുതന്നതാണ്. സിംഗപ്പൂരിന്റെ ഭാഗ്യമുദ്രയ്ക്ക് മുന്നിലായി ഒരു ബില്‍ഡിംഗ് ഉയര്‍ന്നപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ പലവിധ തടസങ്ങളായിരുന്നു. അവസാനം ചൈനീസ് വാസ്തു വിദഗ്ധര്‍ പറഞ്ഞു, ആ കെട്ടിടത്തിന് മുകളിലായി ബോട്ട് ഷേപ്പിലുള്ള എന്തെങ്കിലും പണിയാന്‍. അങ്ങനെയാണ് ആ മൂന്ന് കെട്ടിടങ്ങളേയും ഒന്നിപ്പിച്ചുകൊണ്ട് ബോട്ട് ഷേപ്പിലുള്ള ഒരു കെട്ടിടം പണിതത്. അതോടെ പണികളെല്ലാം തടസമില്ലാതെ നീങ്ങി. അവിടുന്ന് ഒരു ചോക്ലേറ്റ് കൊട്ടാരത്തിലേക്ക് പോയി. വിവിധതരം ചോക്ലേറ്റുകളും ബിസ്കറ്റുകളുമുള്ള ഒരിടം. ഞങ്ങളെ സ്വീകരിച്ചതുതന്നെ ചോക്ലേറ്റ് കൊണ്ടുള്ള ഒരു പാനീയം തന്നുകൊണ്ടാണ്.
അന്ന് വൈകുന്നേരമാണ് സിംഗപ്പൂരിലെ സാന്ഡോസ ബീച്ച് കണ്ടത്. വൃത്തിയുള്ള ഇടം. കേബിള്‍ കാറിലെ യാത്രയാണ് ബീച്ചിലെ ഏറ്റവും വലിയ ആകര്‍ഷണം. വലിച്ചു കെട്ടിയ കേബിളിലൂടെ ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക്, കടലിന് മുകളിലൂടെ കാഴ്ചകള്‍ കണ്ട് പോകാം. കേബിള്‍ കാറിന്റെ ഗ്ലാസിലൂടെ താഴെ കടലിലെ ഓളപ്പരപ്പുകളും അകന്നകന്ന് പോകുന്ന സിംഗപ്പൂര്‍ നഗരവും കണ്ട് സാന്ഡോസ ദ്വീപിലെത്തി. അതൊരു അത്ഭുത ദ്വീപ് തന്നെയായിരുന്നു. ഗാര്‍ഡനും ഫൗണ്ടനുമൊക്കെയുള്ള മായാലോകം. ഹാളില്‍ കുറേ ആളുകള്‍ ശൂന്യാകാശത്തിലെന്നപോലെ പാറിപ്പറന്ന് നടക്കുന്നത് കണ്ടു. അത് ഒരുതരം ഗെയിമാണെന്നാണ് രോഹിത്ത് പറഞ്ഞത്. ഒരിടത്ത് കുറേ ടോയ്കാറുകള് പോലുള്ളവ നിര്‍ത്തിയിട്ടിരുന്നു. കുറേപ്പേര് അതില്‍ക്കയറി ഓടിച്ചു മലമുകളിലേക്ക് പോകുകയാണ്, അവിടെയെല്ലാം കറങ്ങി തിരിച്ച് തുടങ്ങിയ ഇടത്തുതന്നെ നിര്‍ത്തും. പേടികൊണ്ടോ എന്തോ ഞങ്ങള്‍ അതില്‍ കയറിയില്ല.
അവിടെ ലേസര്‍ ഷോ കാണാനായി ഏറെപ്പേര്‍ അക്ഷമരായി കാത്തിരിക്കുന്നുണ്ടായിരുന്നു. സന്ധ്യ 6.30ന് തന്നെ അവിടുത്തെ ലേസര്‍ഷോ തുടങ്ങി. ഒരു കഥ നടക്കുന്ന രീതിയിലാണ് ഷോ അവതരിപ്പിച്ചത്. കമിതാക്കള്‍ ഒരു ദ്വീപില്‍ എത്തിപ്പെടുന്നത് അവിടെ അവര്‍ ആസ്വദിച്ച സംഭവങ്ങളും മറ്റും ലൈറ്റിന്റെയും മ്യൂസിക്കിന്റെയും പശ്ചാത്തലത്തില്‍ വെടിക്കെട്ടുകളുമൊക്കെയായി വലിയൊരു ഷോ. ഒരു തൃശൂര്‍ പൂരം കാണുന്ന പ്രതീതി. കടലില്‍ ഉറപ്പിച്ച സ്ക്രീനിലാണ് ഈ സംഭവങ്ങള്‍ മുഴുവനും നടന്നത്. ത്രീഡി സിനിമ കാണുമ്പോള്‍ ചിലതെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുമ്പോള്‍ നമ്മള് പിറകോട്ട് പോകില്ലേ, അതുപോലെ തന്നെ വെള്ളപ്പൊക്കവും കാട്ടുതീയുമൊക്കെ കാണുമ്പോള്‍ അവയൊക്കെ നമ്മുടെ മുന്നിലാണെന്ന് കരുതി നാം പിന്നോട്ട് മാറി നീങ്ങിപ്പോകും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും ഈ ലേസര്‍ഷോ.
വലിയ വിശ്രമമൊന്നുമില്ലാത്ത മൂന്നുദിവസത്തെ യാത്ര, കാലിനും കൈയ്ക്കുമെല്ലാം ചെറിയ വേദനയുണ്ട്. ലേസര്‍ഷോ കണ്ട് മുറിയിലേക്ക് പോകും മുമ്പ് ഒരു മസാജ് സെന്ററിലേക്ക് പോയി. രോഹിത്താണ് അങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 20 മിനിറ്റ് നീണ്ട മസാജിങ് ആകപ്പാടെ നല്ലൊരു ഉണര്‍വ്വാണ് സമ്മാനിച്ചത്. പിറ്റേന്നത്തെ ദിവസം മകന്റെ കോണ്‍വൊക്കേഷനായി മാറ്റിവെച്ചതാണ്. അമ്മയെന്ന നിലയില്‍ ഏറെ അഭിമാനകരമായ നിമിഷങ്ങള്‍. അതിശയകരമായ അനുഭവങ്ങള്‍ സമ്മാനിച്ച് സിംഗപ്പൂരിലെ മൂന്നാല് ദിവസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ഇനി മടക്കയാത്രയാണ്. മനോഹരമായ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്ന്നതുപ്പോള് എന്നപോലെ ഒരു വിഷമമുണ്ട് മടക്കയാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍.
ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 6.30നാണ് തിരിച്ചുപോകേണ്ട ഫ്ളൈറ്റ്. രാവിലെ ഏഴുന്നേറ്റ് ഭക്ഷണമൊക്കെ കഴിച്ചശേഷം താമസിച്ച ഹോട്ടലിലെ സ്വിമ്മിംഗ്പൂളിനടുത്ത് കുറച്ചുസമയം ചെലവഴിച്ചു, സിംഗപ്പൂരിലെ ഓര്‍മ്മകളെ കുറച്ചുകൂടി തണുപ്പിക്കാന്‍. പിന്നീട് ഉച്ചഭക്ഷണശേഷം ബാഗുകളും പാക്ക് ചെയ്ത് നാലുമണിയോടെ താമസസ്ഥലത്തുനിന്നും ഇറങ്ങി. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ് കിട്ടി ഞങ്ങള്‍ ഹാളിലേക്ക് കയറിയതോടെ രോഹിത്ത് തിരിച്ചുപോയി. വിശ്രമ സ്ഥലത്ത് ഇരിക്കുമ്പോളാണ് ആളുകളുടെ ബഹളം. വെളുത്ത് മെലിഞ്ഞ ഒരു ചൈനക്കാരന്, ആ ഒരാള്‍ക്ക് പിറകേയാണ് എല്ലാവരും, ചിലര്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ശ്രമിക്കുന്നു, സെല്ഫിയെടുക്കുന്നു. ഒപ്പമുണ്ടായിരുന്ന ഉമേഷാണ് പറഞ്ഞത് അത് മഹാനായ കുങ്ഫു മാസ്റ്ററും നടനുമായ ജാക്കിചാനാണെന്ന്. ഞങ്ങള്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്തുകൂടി സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് ജാക്കിചാന് കടന്നുപോയി. സിംഗപ്പൂര്‍ യാത്ര നല്കിയ പ്രതീക്ഷിക്കാത്ത സൗഭാഗ്യം, ആ മഹാനടനെ നേരില്‍ക്കാണാനുള്ള ഭാഗ്യം.
അഞ്ഞൂറ് ദിവസത്തിന്റെ ഓര്‍മ്മകളുമായി ആ അഞ്ച് ദിവസം കടന്നുപോയി. ഇന്ന് വര്‍ഷങ്ങള്‍ ആറേഴ് കഴിഞ്ഞു, പക്ഷേ ഇപ്പോഴും ആ യാത്രയുടെ എക്സൈറ്റ്മെന്റും ആവേശവും മനസിലുണ്ട്. പതിയെ വിശ്രമിച്ച് ഒന്ന് കണ്ണടച്ചാല്‍ എനിക്ക് ഇന്നും കാണാം അന്ന് ഞാന്‍ കണ്ട സിംഗപ്പൂരിനെ..
കോമളം രാധാകൃഷ്ണന്: കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ ‘തുളസി’ എന്ന വീട്ടിൽ ഭർത്താവ് ഡോക്ടർ രാധാകൃഷ്ണനൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് കോമളം രാധാകൃഷ്ണൻ.