വിഷ്ണുവിന്റെ ഹൃദയവുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല് കാര്‍ഡിയാക് സെന്ററില്‍ ദീക്ഷിതിന് പിറന്നാള്‍ ആഘോഷം- വീഡിയോ
കോഴിക്കോട്: മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ കാര്‍ഡിയോ തൊറാസിക് ഐ.സി.യുവില്‍ കാസര്‍കോട് സ്വദേശി ദീക്ഷിതിന് പിറന്നാളാഘോഷം. ഇത്തവണത്തെ ദീക്ഷിതിന്റെ പിറന്നാളിനൊരു പ്രത്യേകതയുണ്ട്. നെഞ്ചില്‍ തുടിക്കുന്നത് മറ്റൊരാളുടെ ഹൃദയമാണെന്നതാണ് അത്.
മസ്തിഷ്‌കമരണം സംഭവിച്ച തൃക്കണ്ണപുരം സ്വദേശി വിഷ്ണുവിന്റെ ഹൃദയവുമായി പുതുജീവിതത്തിലേക്ക് കടന്ന ദിവസംതന്നെയാണ് ദീക്ഷിതിന്റെ 15ാം പിറന്നാളും. ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ് രണ്ടുവര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങളനുഭവിക്കുന്ന ദീക്ഷിത് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം 24 മണിക്കൂറിനകം തന്നെ വെന്റിലേറ്റര്‍ ഒഴിവാക്കി പുതുജീവിതത്തിലേക്ക് തിരിച്ചുവന്നു. ചീഫ് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയുടെ ഭാഗമായ ഡോ. ജലീല്‍, ഡോ. റിയാദ്, ഡോ. അശോക്, ഡോ. വിനോദ്, ഡോ. ലക്ഷ്മി, നഴ്‌സുമാരും ടെക്‌നീഷ്യന്മാരും പിറന്നാള്‍ ആഘോഷത്തിലും പങ്കുചേര്‍ന്നു.
ഒട്ടേറെ ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് വിജയകരമായി നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെന്ന് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ ചെയര്‍മാന്‍ ആന്‍ഡ് ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.