സ്ത്രീധനത്തിന്റെ പേരിൽ സമ്മർദ്ദമുണ്ടോ? പ്രതികരിക്കാൻ ആരുടെയും സഹായം തേടേണ്ട; ഒറ്റ ക്ലിക്കിൽ പരാതി നൽകാം; വിശദാംശങ്ങൾ വായിക്കാം


കോഴിക്കോട്: സ്ത്രീധനത്തെ ചൊല്ലിയുള്ള ആത്മഹത്യകളും മരണങ്ങളും കേരളത്തിൽ പടർന്ന്  പിടിച്ചിട്ടു കാലങ്ങളേറെയായി. കാലങ്ങൾ മാറി മറിയുന്നതിനനുസരിച് പല അനാചാരങ്ങളും മാറി പോയിട്ടും ഇനിയും മാറാതെ നിൽക്കുകയാണ് സ്ത്രീധനം എന്ന വിഷം. ഇതിനെതിരെ ധാരാളം നിയമങ്ങൾ ഉണ്ടെങ്കിലും ആർക്കും ഇതേക്കുറിച്ച് ധാരണയില്ല എന്നതാണ് വാസ്തവം. പരാതിപ്പെടണമെന്നു ആഗ്രഹിച്ചാലോ കുടുംബ മഹിമയുടെ പേരിലും ആരുടെയും സഹായം ലഭിക്കാത്തതിന്റെ പേരിലും സ്ത്രീകൾ ഈ യാതനകൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കേണ്ട അവസ്ഥയിലാണ്.

ദുരിതത്തിലായ സ്ത്രീകൾക്ക് സഹായമായാണ് വനിത ശിശുവികസന വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒറ്റ ക്ലിക്കിൽ ഇനി നിങ്ങള്ക്ക് പരാതി നൽകാം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്.
കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍.

ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും ഇതിലൂടെ സാധിക്കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച്‌ മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരാണ് പരാതി നൽകേണ്ടത്?

വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ കഴിയും.

ഓണ്‍ലൈനായി എങ്ങനെ പരാതിപ്പെടണം?

· ആദ്യമായി http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

· വിശദ വിവരങ്ങള്‍ വായിച്ച ശേഷം പരാതി സമര്‍പ്പിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒടിപി സബ്മിറ്റ് ചെയ്യുക.

· അടിസ്ഥാനപരമായ വിശദാംശങ്ങള്‍ ടെപ്പ് ചെയ്യണം.

· വിവരം നല്‍കുന്നയാള്‍ സ്വയം, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, സംഘടന എന്നീ ഏത് വിധേനയാണെന്ന് ക്ലിക്ക് ചെയ്യണം

· വിവരം നല്‍കുന്നയാളിന്റെ പേര്, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം

· ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം മേല്‍വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം.

· ഈ പരാതി മുൻപ് വേറെവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം

· രേഖകള്‍ അപ് ലോഡ് ചെയ്ത ശേഷം സെക്യൂരിറ്റി കോഡ് നല്‍കി സബ്മിറ്റ് ക്ലിക്ക് ചെയ്യാം.

രജിസ്ട്രേഷൻ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്.എം.എസ്. അറിയിപ്പ് നല്‍കും. ഓരോ ഘട്ടത്തിലും എസ്.എം.എസ്. അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതാണ്. ലഭിക്കുന്ന രജിസ്‌ട്രേഷനുകള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസര്‍) കൈമാറും. ഓരോരുത്തരും തിരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്‌, അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും നല്‍കും. പൊലീസിന്റെയും, നിയമവിദഗ്ധരുടെയും, ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോര്‍ത്ത് പദ്ധതി മുഖേന ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

സംശയങ്ങള്‍ക്ക് 0471 2346838 എന്ന നമ്പറില്‍ ബന്ധപ്പെടാം.