അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ ഉള്ള ഉത്സവങ്ങളില്‍ ഇനി എലിഫന്റ് സ്‌ക്വാഡ് നിര്‍ബന്ധം; സ്‌ക്വാഡ് രൂപീകരണ നടപടികള്‍ക്കൊരുങ്ങി നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം
കോഴിക്കോട്: ജില്ലയില്‍ എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ ഉള്ള ഉത്സവങ്ങളില്‍ ഇനി എലിഫന്റ് സ്‌ക്വാഡിന്റെ സാന്നിധ്യം നിര്‍ബന്ധമാണ്.
ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. നിലവില്‍ 30 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
കൂടാതെ ഇടഞ്ഞ ആനകളെ മയക്കുവെടി വെച്ച് തളക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അപേക്ഷ നല്‍കാനും തീരുമാനമായി. ഇത് സംബന്ധിച്ച് താല്പര്യമുള്ളവരുടെ പട്ടിക വെറ്ററിനറി ഓഫീസര്‍ ആണ് നല്‍കുക.
എ.ഡി.എം സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍ര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്റ്ററി) പി സത്യപ്രഭ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ജിതേന്ദ്ര കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എ ജെ ജോയ്, എസ്.പി.സി.എ സെക്രട്ടറി അഡ്വ എം രാജന്‍, ഇ സി നന്ദകുമാര്‍ (അഗ്‌നിശമന സേന), നവജ്യോത് ടി പി (ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റി), രസ്ജിത് ശ്രീലകത്ത് (എലിഫന്റ് ഒണേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി), റേഞ്ച് ഓഫിസര്‍ ബിജേഷ് കുമാര്‍ വി, ബൈജു കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.