‘തൊണ്ടയാട് പുതിയ മേല്‍പ്പാലം മാര്‍ച്ചില്‍ തുറക്കും’: പ്രവൃത്തി പുരോഗതി വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത 66 ലെ പ്രവൃത്തി പുരോഗതി വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തില്‍ തൊണ്ടയാട് ഫ്‌ളൈ ഓവര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തിയില്‍ തടസ്സങ്ങളുള്ളത് നീക്കാന്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് (ജനുവരി 23) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തടസ്സങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ യോഗം ചേരും.

കോഴിക്കോട് ബൈപ്പാസിന്റെ 58 ശതമാനം പണി പൂര്‍ത്തീകരിച്ചു. 2025 ലെ പുതുവത്സര സമ്മാനമായി കോഴിക്കോട് ബൈപ്പാസ് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

വെങ്ങളം-രാമനാട്ടുകര ബൈപ്പാസിന്റെ പ്രവൃത്തി വേഗത്തില്‍ തീര്‍ക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വെങ്ങളം -രാമനാട്ടുകര- കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി പൂര്‍ത്തിയായി. രാമനാട്ടുകര ഫ്ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറന്നുകൊടുക്കും. പാലോളി, മൂരാട് പാലങ്ങളും വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.

അഴിയൂര്‍-വെങ്ങളം, വെങ്ങളം-രാമനാട്ടുകര റീച്ചുകളുടെ പ്രവൃത്തിയാണ് ഇന്ന് ജില്ലയില്‍ പരിശോധിച്ചത്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 109.5 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ 415 കോടി രൂപ ചെലവഴിച്ചു. തലശ്ശേരി-മാഹി ബൈപ്പാസ് ഇതിന്റെ ഭാഗമായി ഉടന്‍ തുറന്നുകൊടുക്കും. ഇതോടെ തലശ്ശേരി-വടകര യാത്രാ സമയം 15 മിനിറ്റ് ആയി ചുരുങ്ങും. അഴിയൂര്‍-വെങ്ങളം റീച്ച് 35 ശതമാനം പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വേഗത്തിലാക്കി 2025 തുടക്കത്തില്‍ പൂര്‍ത്തീകരിക്കും. ദേശീയപാത അതോറിറ്റിക്ക് കേരളത്തില്‍ ആസ്ഥാനം മന്ദിരം തുറക്കാന്‍ തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, കൗണ്‍സിലര്‍മാരായ വി പ്രസന്ന, എം എന്‍ പ്രവീണ്‍, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, നാഷണല്‍ ഹൈവേ റീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക് തോമസ് വര്‍ഗീസ്, കോഴിക്കോട് പ്രൊജക്ട് ഡയറക്ടര്‍ അഷദോഷ് സിന്‍ഹ, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ ഹിമ, പി പി ശാലിനി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.