മാലിന്യമുക്ത നവകേരളം; ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ട്കാവ് ചേലിയ വാര്‍ഡ് അംഗങ്ങള്‍


കൊയിലാണ്ടി: ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ചേലിയ സൗത്ത് ഒന്‍പതാം വാര്‍ഡ്. സംസ്ഥാന സര്‍ക്കാറിന്റെ ‘മാലിന്യമുക്ത നവ കേരളം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് വാര്‍ഡ് ശുചിത്വപരിപാടികള്‍ക്കൊരുങ്ങുന്നത്.

200 ഓളം കുട്ടികളെ ചേര്‍ത്തുകൊണ്ട് ശുചിത്വ സേനയെ രൂപീകരിക്കുകയും അവര്‍ക്ക് യൂനിഫോം വിതരണം ചെയ്ത് എല്ലാ അവധി ദിവസങ്ങളിലും ഇവര്‍ വാര്‍ഡിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് എം.സി എഫില്‍ എത്തിച്ചിരുന്നു. ഇത് വാര്‍ഡ് തലങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയ പ്രവര്‍ത്തനമാണ്. കുട്ടികള്‍ ഉള്‍പ്പെട്ട ശുചിത്വ സേനയെ കൂടി ചേര്‍ത്ത് ഫോട്ടോ ഷൂട്ടും നടത്തി.

 

വാര്‍ഡ് മെമ്പര്‍ മജു കെ.എം പ്രഖ്യാപനം നടത്തിയ പരിപാടിയില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ജനകീയ ഓഡിറ്റ് കണ്‍വീനറും മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാനുമായ ഗീതാനന്ദന്‍ മാസ്റ്റര്‍ സംസാരിച്ചു. മൂന്ന് ഘട്ടങ്ങളിലായി വാര്‍ഡില്‍ നടത്തിയ നിരവധിയായ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ മാതൃകാപരമാണ് എന്ന് ഗീതാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രാഗേഷ് സി.പി സ്വാഗതം പറഞ്ഞു. സി.ഡി എസ് ചെയര്‍ പേഴ്‌സണ്‍ പ്രനീത ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുന്‍ വാര്‍ഡ് മെമ്പറും വികസന സമിതി അംഗവുമായ സുജല കുമാരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.