പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസ്‌; വടകര പോലീസ്‌ ഇന്‍സ്‌പെക്ടറുടെ തടവുശിക്ഷ ശരിവെച്ച് കോടതി


വടകര: സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര പോലീസ്‌ സ്റ്റേഷനില്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര പോലീസ്‌ ഇന്‍സ്‌പെക്ടര്‍ പി.എം മനോജിനുള്ള ശിക്ഷ മാറാട് പ്രത്യേക കോടതി ശരിവെച്ചു. 2012 മാര്‍ച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം.

സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാനായി വടകര പോലീസ് സ്റ്റേഷനിലെത്തിയ സി.പി.ഐ. നേതാവിനെ മര്‍ദിച്ചെന്ന കേസിലാണ് അന്ന് എസ്.ഐ ആയിരുന്ന പി.എം മനോജിനും അഡീഷണല്‍ എസ്.ഐ ആയിരുന്ന സി.എ മുഹമ്മദിനും തടവുശിക്ഷ വിധിച്ചത്. മനോജ് ഇപ്പോള്‍ വടകര ഇന്‍സ്‌പെക്ടറാണ്.

മണിയൂര്‍ പഞ്ചായത്ത് വെട്ടില്‍ പീടികയിലെ കോണിച്ചേരി രഞ്ജിത്തിനെ മര്‍ദിച്ചെന്ന കേസിലാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രഞ്ജിത്തിന്റെ പേരില്‍ അന്ന്‌ എസ്‌.ഐ കേസെടുത്തിരുന്നു.

മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സ തേടിയ രഞ്ജിത്ത് വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ്‌ പോലീസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ രഞ്ജിത്തിന് അനുകൂലമായാണ് വിധിയുണ്ടായത്. രഞ്ജിത്തിനെ വിട്ടയയ്ക്കുകയും പി.എം മനോജിനും സി.എ. മുഹമ്മദിനും ഐ.പി.സി. 341, 323 എന്നീ വകുപ്പുകള്‍പ്രകാരം തടവുശിക്ഷ വിധിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. 341 വകുപ്പില്‍ ഏഴുദിവസവും 323 വകുപ്പില്‍ ഒരുമാസവുമുള്ള ശിക്ഷയാണ് മാറാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ശ്യാംലാല്‍ ശരിവെച്ചത്. രഞ്ജിത്തിനെ വിട്ടയച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി തള്ളി. അഡീഷണല്‍ എസ്.ഐയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. പരാതിക്കാരനുവേണ്ടി അഡ്വ. എ.കെ സുകുമാരന്‍ ഹാജരായി.