പൂപ്പൊലി കാണാന്‍ വയനാട്ടിലേക്ക് ആനവണ്ടിയില്‍ പോകാം; താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് നിന്നും യാത്രാ പാക്കേജുകള്‍- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: വയനാട് അമ്പലവയലില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പോത്സവം ‘പൂപ്പൊലി-2024’ കാണാന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെല്‍.

ആയിരക്കണക്കിന് പൂക്കള്‍ ഒരുമിച്ച് മിഴി തുറന്ന് വര്‍ണ വിസ്മയം തീര്‍ക്കുന്ന പുഷ്പോത്സവം ജനുവരി 15 വരെയാണ്. വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദര്‍ശന വിപണനമേള ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിന് താമരശ്ശേരി ഡിപ്പോയില്‍ നിന്നും ജനവരി 14 ന് കോഴിക്കോടു നിന്നുമാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6 ന് കോഴിക്കോട് (6:40 ന് താമരശ്ശേരി) നിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, കാരാപുഴ ഡാം, പൂപൊലി, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന രീതിയില്‍ ക്രമീകരിച്ച പാക്കേജിന് 560 രൂപയാണ് നിരക്ക്. ഭക്ഷണം, എന്‍ട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജില്‍ ഉള്‍പ്പെടില്ല.

സ്വദേശികളും വിദേശികളുമായ വിവിധയിനം പുഷ്പഫല പ്രദര്‍ശനം, പെറ്റ് സ്റ്റാള്‍, വിപണന സ്റ്റാളുകള്‍, കാര്‍ണിവല്‍ ഏരിയ, കിഡ്സ് പ്ലേ ഏരിയ, ഭക്ഷ്യമേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ജനുവരി 6 ന് ആതിരപ്പിള്ളി-വാഴച്ചാല്‍-മൂന്നാര്‍ 7 ന് ഗവി-പരുന്തന്‍പാറ, കൂടാതെ നെല്ലിയാംമ്പതി, ജനുവരി 12 ന് വാഗമണ്‍-കുമിളി യാത്രയും കെ.എസ്.ആര്‍.ടി.സി സംഘടിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9544477954
9061817145
ജില്ലാ കോഡിനേറ്റര്‍
9961761708
(രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ബന്ധപ്പെടാം).