പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു, ആക്രമണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയെന്ന് ആരോപണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്,റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ എന്ന സ്ഥലത്തു വച്ച് കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.
ആക്രമണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ ആണെന്നാണ് ആരോപണം. മാത്തൂര്‍ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇവരുടെ സുഹൃത്തായ ഓട്ടോ തൊഴിലാളി 5000 രൂപ പലിശയ്ക്ക് എടുത്തിരുന്നു. ഇത് രണ്ടാഴ്ച അടവ് മുടങ്ങിയതോടെ സുഹൃത്തിനെ ആക്രമിക്കാനായി എത്തിയ ബ്ലേഡ് സംഘത്തെ ഇവര്‍ ഇന്നലെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമെന്നോളം ഇന്ന് ആക്രണം നടത്തുകയായിരുന്നെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
കാറിലെത്തിയ സംഘം മാരകായുധങ്ങളുമായാണ് ആക്രമിച്ചത്. പിന്നാലെ ഓടിയെത്തിയാണ് അക്രമികള്‍ വെട്ടിയതെന്നും. നിലത്തുവീഴ്ത്തിയ ശേഷം മര്‍ദിക്കുകയും ചെയ്തുവെന്നും പരിക്കേറ്റ റെനില്‍ പറയുന്നു.