ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്


കോഴിക്കോട്: വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കേടായതിനെ തുടര്‍ന്നാണ് കുരുക്ക്. ചുരത്തില്‍ തകരപ്പടി മുതല്‍ ചിപ്പിലത്തോട് പവരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക്.

ബസ് തകരാര്‍ പരിഹരിച്ച് രാവിലെ ഏഴോടെ യാത്ര തുടര്‍ന്നെങ്കിലും ഗതാഗത തടസ്സം തുടരുകയാണ്. ബാറ്ററി ഡൗണായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ബസ് ചുരത്തില്‍ കുടുങ്ങിയത്. വാഹനങ്ങള്‍ വണ്‍വേ പാലിച്ച് പോകാന്‍ അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഇന്നലെയും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതടസ്സമുണ്ടായിരുന്നു. വയനാട് ഭാഗത്ത് നിന്ന് ചുരമിറങ്ങി വരുകയായിരുന്ന ലോറി ഏഴാംവളവില്‍ പാര്‍ശ്വഭിത്തിയില്‍ തട്ടുകയായിരുന്നു.