മെഡിക്കല്‍ വാല്യൂ ടൂറിസം പദ്ധതിയുമായി ദേശീയ ആയുഷ് മിഷന്‍; കൊയിലാണ്ടി,അരിക്കുളം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മ,പഞ്ചകര്‍മ്മ ചികിത്സാ തിയേറ്റുകള്‍ ഒരുങ്ങുന്നു
കൊയിലാണ്ടി: സ്റ്റേറ്റ് ആനുവല്‍ ആക്ഷന്‍ പ്ലാനിലൂടെ മെഡിക്കല്‍ വാല്യൂ ടൂറിസം പദ്ധതിയുമായി ദേശീയ ആയുഷ് മിഷന്‍. ജില്ലയിലെ ടൂറിസം മേഖലകളില്‍ ആയുര്‍വേദ വകുപ്പ് ഡിസ്‌പെന്‍സറികളില്‍ ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെ പഞ്ചകര്‍മ്മ തെറാപ്പികള്‍ സജ്ജീകരിക്കും.
കൊയിലാണ്ടി ഹോമിയോ ആശുപത്രിയില്‍ 75 ലക്ഷം രൂപയുടെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിന്റെ പണി പൂര്‍ത്തിയായി. ജനുവരിയോടെ ഇത് ഉദ്ഘാടനത്തിന് സജ്ജമാകും. ആശുപത്രിയില്‍ സ്‌പെഷല്‍ ഒപി, തൈറോയ്ഡ് ഒപി സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുതുതായി മെഡിക്കല്‍ ഓഫീസറെ നിയമിക്കും.
അരിക്കുളം ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ ദേശീയ ആയുഷ് മിഷന്റെ ആയുര്‍കര്‍മ്മ, പഞ്ചകര്‍മ്മ-ആയുര്‍ കര്‍മ്മ തിയേറ്ററുകളിലൂടെ ചികിത്സ നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വിദേശികള്‍ അടക്കമുള്ള ടൂറിസ്റ്റുകള്‍ക്ക് ആശുപത്രിയിലേക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. ഡിസ്‌പെന്‍സറികളുടെ അടുത്തായി റിസോര്‍ട്ടുകളില്‍ താമസിച്ച് ഒ.പി സൗകര്യത്തോടെ മസാജ് സേവനങ്ങള്‍ ഉള്‍പ്പെടെ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്ന പുറക്കാട്ടേരിയിലെ എ.സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്റര്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. ഡി സജിത്ത്ബാബു സന്ദര്‍ശിക്കുകയും ഒരു കോടി രൂപ ചെലവിട്ട് നടത്തുന്ന പശ്ചാത്തല തല വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. പുതുതായി തെറാപ്പി യൂണിറ്റുകളും സെന്ററിന് അനുവദിച്ചു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.