‘തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം’


സോമന്‍ കടലൂര്‍
തീവ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഓർമ്മപ്പുസ്തകം വായിച്ചതിന്റെ ആഹ്ളാദത്തിലാണ് ഞാൻ. പുസ്തകത്തിന്റെ പേര്: ഓർമ്മകൾ പൂക്കുന്ന രാത്രി. എഴുത്തുകാരൻ: ഷഹനാസ് തിക്കോടി. ഒരേ ദേശക്കാരാണ് ഞങ്ങളെങ്കിലും മൂന്നോ നാലോ വർഷം മുമ്പാണ് ഈ യുവാവിനെ ഞാൻ പരിചയപ്പെടുന്നത്. യഥാർത്ഥ പ്രവാസിയായി ഷഹനാസും നാട്ടുപ്രവാസിയായി ഞാനും ഒരൊളിച്ചുകളി നടത്തുകയായിരുന്നോ എന്ന തോന്നൽ ഉണ്ട്.
പ്രവാസ  ജീവിതത്തിനിടയിൽ ലഭ്യമാവുന്ന വിലപ്പെട്ട സമയം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ നിരവധി കുറിപ്പുകൾ ഷഹനാസിന്റെതായി പുറത്തുവന്നത് ശ്രദ്ധിച്ചിരുന്നു. ആ അക്ഷരങ്ങളിലെ ആത്മാർത്ഥതയും ചോരയോട്ടവും എന്നെ ആകർഷിച്ചു. താൻ ജനിച്ചു വളർന്ന നാടും കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച സംഭവങ്ങളും വ്യക്തികളും ഓർമ്മയിൽ വന്ന് ചിരിച്ചപ്പോൾ അക്ഷരങ്ങൾ കൊണ്ട് അവയെല്ലാം ഹൃദയത്തിലേക്ക് ഒരിക്കൽ കൂടി ആവാഹിച്ചു. സ്വന്തം ചരിത്രത്തെ നിർണ്ണയിച്ച നാട്ടു നൻമകൾക്കുള്ള സമുചിതമായ ആദരവായി മാറിയ എഴുത്താണ് ഇപ്പോൾ പുസ്തക രൂപം പ്രാപിക്കുന്നത്.
മനുഷ്യൻ എപ്പോഴും തന്നോട് ഒപ്പം കൊണ്ടുനടക്കുന്ന സവിശേഷതയാർന്ന ഒരു ഡയറിയാണ് ഓർമ്മ -എന്ന് പ്രശസ്ത എഴുത്തുകാരൻ ഓസ്കാർ വൈൽഡ് വളരെ മുമ്പേ പറഞ്ഞിട്ടുണ്ട് . ഹൃദയം ഹൃദയത്തിലെഴുതിയ അത്തരം ഡയറിയുടെ ചൂടും ചൂരും ലോകത്തിലെ മറ്റെഴുത്തുകൾക്ക് ഉണ്ടാവാൻ വഴിയില്ല. ഭാവനയെ അമ്പരപ്പിക്കുന്ന സ്മരണകൾ സാംസ്കാരിക ജീവിതത്തിന്റെ ആധാരമാണ്.
ജീവിതം ഒരർത്ഥത്തിൽ ഓർമ്മകളുടെ പ്രദർശനശാലയാണെന്ന് പറയാം. ഒരിക്കലും മറക്കാനാവാത്ത അനേക സംഭവങ്ങളും അനുഭവങ്ങളും നിറം പകർന്ന മഹത്തായ ചിത്രങ്ങളുടെ പ്രദർശനശാല. നമ്മെ നാമാക്കി മാറ്റിയ കുട്ടിക്കാല വഴികളും അനുഭവങ്ങളും മങ്ങാതെ മായാതെ ഉള്ളിൽ തിടം വെച്ച് എപ്പോഴും പച്ചപിടിച്ചു നിൽപ്പുണ്ടാവും. ഇത്തരം ഓർമ്മകൾ അക്ഷരങ്ങളിൽ ആവാഹിക്കുമ്പോൾ യാഥാർത്ഥ്യത്തേക്കാൾ വലിയ ചാരുതയും വിശ്വാസ്യതയും അതിന് ലഭിക്കുന്നു.
ഓർമ്മകൾ കൊണ്ട് കൂടി മുന്നോട്ടുപോകുന്ന ജീവിവർഗ്ഗമാണ് മനുഷ്യർ എന്ന് പറയാം. ജീവിത പുരോഗതിക്കായുള്ള ഇന്ധനമായി നാം കൊണ്ടുനടക്കുന്ന ഓർമ്മകൾ സുപ്രധാനമാണ്.വ്യക്തിയുടെ ചരിത്രമായി കാണുമ്പോൾ തന്നെ ഏത് ഓർമ്മയും കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രമാണ്. നല്ല ഓർമ്മയെഴുത്തുകൾ കാലഘട്ടത്തെ കൂടി അടയാളപ്പെടുത്തുന്നു. ജീവിച്ച കാലദേശങ്ങളുടെ സർഗ്ഗാത്മകവും സമരോത്സുകവുമായ അനുഭവങ്ങളെ ഏറ്റവും സക്രിയമായി അടയാളപ്പെടുത്തിയ മലയാളത്തിലെ ഗംഭീര ഓർമ്മപ്പുസ്തകം പിറന്നത് തിക്കോടിയിലാണ്: അരങ്ങ് കാണാത്ത നടൻ. തിക്കോടിയന്റെ തട്ടകത്തിൽ ജീവിച്ച ഇളമുറക്കാരനായ ഷഹനാസ് ഓർമ്മയെഴുത്തിലെ കന്നിക്കാരനാണെങ്കിലും എളിയരീതിയിലുള്ള ഒരു സാംസ്കാരികത്തുടർച്ച ഷഹനാസിന്റെ എഴുത്തു വഴിയിൽ കാണാവുന്നതാണ്.

ഷഹനാസ് തിക്കോടി

ഷഹനാസ് തിക്കോടി

ജീവിതത്തിലെ മികച്ച സന്ദർഭങ്ങളെയും അനർഘ നിമിഷങ്ങളെയും ഓർത്തെടുക്കുകയും അവയെ അക്ഷരങ്ങളിലേക്ക് രചനാത്മകമായി ആവാഹിക്കുകയും ചെയ്തതിന് മികച്ച ഉദാഹരണമാണ്ഷഹനാസ് തിക്കോടിയുടെ ഓർമ്മകൾ പൂക്കുന്ന രാത്രികൾ എന്ന വിശേഷപ്പെട്ട ഗ്രന്ഥം എന്ന് പറയാതിരിക്കാനാവില്ല.ആത്മകഥ എന്ന മഹാ വൃക്ഷത്തിന്റെ ഏറ്റവും തെളിമയുള്ള ചില ഓർമ്മപ്പച്ചകൾ കൊണ്ട് നിർമ്മിച്ച ഈ വൈകാരിക ഗ്രന്ഥം ലളിതവും സരളവുമായ ഭാഷയിൽ കൊത്തിവെച്ചിരിക്കുന്നു.
തങ്കപ്പൻ മേസ്തിരിയെന്ന പരദേശിയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന അന്വേഷണം എന്ന ആദ്യ കുറിപ്പിൽ നാട്ടുജീവിതത്തിന്റെ വല്ലാത്തൊരു മിടിപ്പ് തിരിച്ചറിയിരുന്നതാണ്. ഓർമ്മശക്തിയിൽ തനി രാവണനായ ദേശത്തെ പപ്പേട്ടനെ ഓർമ്മകൾ കൊണ്ടും അറിവുകൾ കൊണ്ടും ചായപ്പീടികയിലിരുന്ന് വാദിച്ച് തോൽപിക്കുന്നത് വിസ്മയത്തോടെ കണ്ടതിന്റെ ഓർമ്മ ഷഹനാസ് എഴുതുന്നു. ” ഒരു ദിവസമെങ്കിലും തങ്കപ്പൻ മേസ്തിരിയോട് രാജ്യകാര്യങ്ങളിലും ലോകകാര്യങ്ങളിലും തർക്കിച്ചില്ലെങ്കിൽ ഞങ്ങളുടെ പപ്പേട്ടന്‌ ഉറക്കം വരില്ലായിരുന്നു. തർക്കം മുറുകുമ്പോൾ തിക്കോടിയിലെ പ്രബുദ്ധ പൗരാവലി അവർക്ക് ചുറ്റും അണിനിരക്കും. ഗ്രാമവും നഗരവും ലോകവും അവർക്ക് ഇരുവർക്കുമിടയിൽ മിന്നിമറയും. അറിവിന്റെ സമുദ്രം തിക്കോടിയിലൂടെ തിളച്ചുമറിയും. അതിൽ അഭിരമിച്ച് തിക്കോടി അത്ഭുതം കൂറി നിൽക്കും. അങ്ങനെ തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം.”
തന്റെ ബാപ്പയും മേസ്തിരിയും തമ്മിലുള്ള ഹൃദയബന്ധം ആ ഓർമകളിലെ ഒളിമങ്ങാത്ത ഏടാണ് എന്ന് എഴുത്തുകാരൻ തിരിച്ചറിയുന്നു. തങ്കപ്പൻ മേസ്തിരിയെ കാണാതായതും കാലങ്ങൾക്ക് ശേഷം അയാളുടെ ഭാര്യയും മക്കളും അന്വേഷിച്ചു വന്നതുമെല്ലാം ഉള്ളുരുക്കുന്ന ഭാഷയിൽ ഷഹനാസ് വിവരിക്കുമ്പോൾ അത് ത്രസിക്കുന്ന മനസോടെ നാം വായിക്കുന്നു.
പള്ളി മിനാരം എന്ന രണ്ടാമധ്യായത്തിൽ പ്രിയപ്പെട്ട മാതാപിതാക്കളെ സമാദരണീയ മനസോടെ അക്ഷരങ്ങളിൽ ചേർത്തുപിടിക്കുന്നു. തലമുറകൾ അന്ത്യവിശ്രമം കൊള്ളുന്ന പാലൂർ പള്ളിയുടെ സജീവ ചിത്രം ഷഹനാസ് രചിക്കുന്നു “” ദീർഘദീർഘമായ പ്രവാസത്തിന്റെ ഇടവേളകളിൽ നാട്ടിലെത്തിയാൽ ഞാൻ ആദ്യം ഓടിയെത്തുന്നത് എന്റെ ഉമ്മയും ബാപ്പയും ഉറങ്ങുന്ന ഖബറിടത്തിലാണ്. കണ്ണടച്ച് ധ്യാന നിരതനായി നിൽക്കുന്ന എന്റെ മനസിൽ അവർ തെളിയും. മുന്നോട്ടുള്ള എന്റെ യാത്രയിൽ എന്റെ കുടുംബത്തെയും എന്റെ നാടിനെയും ലോകത്തെ തന്നെയും സ്നേഹിക്കാൻ ഇതിൽ കവിഞ്ഞ് എനിക്ക് ഒന്നും ആവശ്യമില്ല” ഇതുപോലെ ഹൃദയസ്പർശിയായ അനേകം ഓർമ്മകളുടെ കലവറയാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.
അനുഭവജന്യമായ ആധികാരികതയോടെ ആവിഷ്കരിക്കപ്പെട്ട സ്മരണകളുടെ ഈ നാട്ടുമ്പുറത്തുകൂടി നടക്കാൻ വായനക്കാർ ഇഷ്ടപ്പെടും എന്ന് ഞാൻ കരുതുന്നു. കുട്ടിക്കാലത്തിന്റെ സഞ്ചാര വഴികളിലെ തെളിമയുള്ള ചിത്രങ്ങൾ മാത്രമല്ല, യൗവന കാലത്തിന്റെ അനുഭവങ്ങളും ഈ വിശുദ്ധ പുസ്തകത്തിൽ ചേർത്തുവച്ചിരിക്കുന്നു. തിക്കോടിയും പാലൂരും പരിസരപ്രദേശങ്ങളും അവിടെ പുലർന്ന മനുഷ്യരും തന്റെ ജീവിതത്തെ എപ്രകാരമാണ് നിർണയിച്ചത് എന്ന് ഈ എഴുത്തുകാരൻ സത്യസന്ധമായ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അമൂല്യനിധികളായ അനുഭവങ്ങളെ ഓർമ്മകളായി സർഗാത്മകമായ ഭാഷയിൽ അടയാളപ്പെടുത്തിയ മികച്ച ഗ്രന്ഥസംരംഭമാണിത്. വിലയുള്ള സ്മരണകളേയും വീര്യം കൂടിയ അനുഭവങ്ങളെയും ആസ്വാദകർക്ക് സമ്മാനിക്കുന്നു. സുദീർഘവും സമ്പൂർണ്ണവുമായ ജീവിതകഥയിൽ നിന്ന് ഏതാനും നിമിഷങ്ങളെ ആത്മാർത്ഥതയോടെ  പുനസൃഷ്ടിക്കാനാണ് ഷഹനാസ് തിക്കോടി ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുള്ളത്. ദിവസങ്ങളോ ദിനസരികളോ നാൾവഴികളോ ക്രമാനുഗതമായി പ്രാമാണികമായി രേഖപ്പെടുത്തുകയല്ല, മറിച്ച് ജീവിതത്തിലെ അവിസ്മരണീയ സന്ദർഭങ്ങളെ ആനുഭൂതികമായി ചേർത്തുനിർത്തുകയാണ്.
അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരന്റെ അയാളുടെ സഞ്ചാരപഥങ്ങളിൽ അനുഭവിച്ച അനർഘവും അവിസ്മരണീയവുമായ നിമിഷങ്ങളുടെ സ്വാഭാവികമായ സൃഷ്ടിയാണ് ഈ കൃതി. ഷഹനാസ് തിക്കോടി  എഴുതിയ ഈ സ്മരണകളുടെ ഭൂമിക പലനിലയിൽ ഞാനുമായി ആത്മബന്ധമുള്ള ഒന്നാണ് അതുകൊണ്ടുതന്നെ ഈ സ്മരണകളുമായി എനിക്ക് എളുപ്പം ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട വായനക്കാർക്കും അപ്രകാരം തന്നെ വായിച്ചെടുക്കാനും സ്വന്തം സ്മരണകളായി ഹൃദയത്തോടടുപ്പിക്കാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു.ഓർമ്മകൾ പൂക്കുന്ന രാത്രി എന്ന ഈ ഗ്രന്ഥത്തിൻറെ ആഖ്യാന ഘടന ആകർഷകമാണ്.അനുഭവങ്ങൾക്കുള്ളിൽ അനുഭവങ്ങളായും കഥകൾക്കുള്ളിൽ ഉപകഥകളായും ആറ്റിക്കുറുക്കി അർത്ഥപൂർണ്ണമായി തെളിമയുള്ള ഭാഷയിൽ സജീവമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.നാട്ടുപുറത്തെ സാധാരണ മനുഷ്യരും അവരുടെ സ്നേഹ നിർഭരമായ പഴയകാല ജീവിതങ്ങളും സത്യസന്ധമായി രേഖപ്പെടുത്തിയ ഈ സ്മരണകളെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.