ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്റ്റില്‍, പിടികൂടിയത് കോഴിക്കോട് ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ


ഓര്‍ക്കാട്ടേരി: കുന്നുമ്മക്കരയില്‍ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്യമാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ്‌ ഹബീബിന്റെ ഉമ്മ തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.

ഡിസംബര്‍ നാലിനായിരുന്നു അരൂര്‍ പുളിയം വീട്ടില്‍ ഷബ്‌ന ഭര്‍ത്താവ്‌ തണ്ടാര്‍ കണ്ടി ഹബീബിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഹബീബ് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം. തുടര്‍ന്ന് ഷബ്‌ന മരിച്ചത് ഗാര്‍ഹിക പീഡനമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ബന്ധുക്കള്‍ അന്നുതന്നെ എടച്ചേരി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

2010ൽ വിവാഹിതയായ ഷബ്നയ്ക്കും ഭർത്താവിനും കുട്ടിക്കും താമസിക്കാൻ വീടു വാങ്ങിച്ചു നൽകാനുള്ള ഒരുക്കത്തിലായിരുന്നു ഷബ്‌നയുടെ വീട്ടുകാര്‍. ഇതിനിടയിലാണ് ഭര്‍ത്യവീട്ടില്‍ ഷബ്‌ന ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്യമാതാവും അമ്മാവനുമാണ്‌ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കേസില്‍ മറ്റു പ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍ത്യസഹോദരി, ഭര്‍ത്യപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ റിമാന്റില്‍ കഴിയുന്ന അമ്മാവന്‍ ഹനീഫയുടെ ജാമ്യപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്.