‘സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍’; മുജാഹിദ് വനിതാ സമ്മേളനം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം മുജാഹിദ് വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ എന്ന പ്രമേയത്തിലാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്.

വസ്ത്ര ധാരണത്തിലടക്കം മതപരമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവര്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികള്‍ക്കു മേല്‍ മതവിരുദ്ധ ആശയങ്ങള്‍ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം.

നിയമ നിര്‍മ്മാണത്തിലുടെ മാത്രം സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തുക സാധ്യമല്ലെന്നും വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയില്‍ പൗരബോധം വളര്‍ത്തിയെടുക്കാനും മഹല്ല് തലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണം ശക്തമാക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 24 ന് പയ്യോളിയില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിസ്ഡം വിമണ്‍സ് മണ്ഡലം പ്രസിഡണ്ട് നസീമ മേലൂര്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം വിമണ്‍സ് ജില്ലാ സെക്രട്ടറി എം.സൈനബ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് കായക്കൊടി, യാസര്‍ പകര, ഫഹീമ കൊയിലാണ്ടി വിഷയങ്ങള്‍ അവതരിപ്പിച്ചു. സെന്‍സി കൊല്ലം, സ്വാഗതവും സീനത്ത് ചെങ്ങോട്ട് കാവ് നന്ദിയും പറഞ്ഞു.