മുക്കം പെട്രോള്‍ പമ്പിലെ ‘ആട് തോമ’ സ്‌റ്റൈല്‍ മോഷണം; മൂന്ന് യുവാക്കള്‍ പിടിയില്‍


ഓമശ്ശേരി: പെട്രോള്‍ പമ്പില്‍ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മുണ്ട് കൊണ്ട് മുഖംകെട്ടി ‘ആട് തോമ’ സ്‌റ്റൈലില്‍ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത ഒരാളും നിലമ്പൂര്‍ സ്വദേശി അനൂപ്, മലപ്പുറം സ്വദേശി സാബിത്തലി എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ പിടികിട്ടാനുണ്ട്. പ്രതികളെ മുക്കത്തെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മുക്കം മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ പതിനേഴാം തിയ്യതി പുലര്‍ച്ചെയാണ് മോഷണം നടന്നത്. മാരുതി ഓള്‍ട്ടോ കാറിലെത്തിയ നാലംഗ സംഘമായിരുന്നു മോഷണത്തിന് പിന്നില്‍. ആദ്യം 2010രൂപയ്ക്ക് പെട്രോളടിക്കുകയും തുടര്‍ന്ന് മൂന്നുപേര്‍ കാറില്‍ നിന്നിറങ്ങി, ഒരാള്‍ ബാത്ത് റൂമിലേക്ക് പോകുകയും ചെയ്തു.

ബാത്ത്‌റൂമിലേക്ക് പോയ ആള്‍ വന്നാല്‍ പെട്രോള്‍ അടിച്ച പണം ഗൂഗിള്‍ പേ ചെയ്തുതരാമെന്ന് പമ്പിലെ ജീവനക്കാരോട് പറയുകയും ചെയ്തു. തുടര്‍ന്ന് ബാത്ത് റൂമില്‍ പോയ ആള്‍ തിരിച്ചെത്തി പമ്പ് ജീവനക്കാരനു മുമ്പില്‍ നിന്ന് മുളക് പൊടി വിതറുകയും ജീവനക്കാരന് പിന്നില്‍ മറഞ്ഞുനിന്ന രണ്ടുപേര്‍ മുണ്ട് ജീവനക്കാരന്റെ മുഖത്തേക്കിട്ട് കീഴ്പ്പെടുത്തി പണം കവരുകയുമായിരുന്നു.