നവകേരള സദസ്സ്; നവംബര്‍ 24ന് പേരാമ്പ്ര മേഖലയില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ വിശദമായി അറിയാം


പേരാമ്പ്ര: നവംബര്‍ 24ന് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ അന്നേദിവസം മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

നിയന്ത്രണങ്ങള്‍ ഇവയാണ്:

കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലോട് ബൈപ്പാസ് ജങ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി കടന്നുപോകണം.

കുറ്റ്യാടി ഭാഗത്ത് നിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍ പേരാമ്പ്ര മാര്‍ക്കറ്റ്, മേപ്പയ്യൂര്‍ റോഡ് ജങ്ഷന്‍ വഴി പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി ബസുകള്‍ മുന്നോട്ടുപോയി എരവട്ടൂര്‍ മൊട്ടന്തറ റോഡ് ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ്ര ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

കോഴിക്കോട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കക്കാട് ബൈപ്പാസ് ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി കടന്നുപോകണം.

ഈ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍ പേരാമ്പ്ര ടൗണ്‍, മേപ്പയ്യൂര്‍ റോഡ് ജങ്ഷന്‍ വഴി വന്ന് പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി ചേനായി റോഡ് വഴി പേരാമ്പ്ര ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

ചാനിയം കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മൊട്ടന്തറ ചേനായി റോഡ് ജങ്ഷനില്‍ നിന്നും നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പോകേണ്ടതാണ്.

ഈ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍ മൊട്ടന്തര ചേനായി റോഡ് ജങ്ഷനില്‍ ആളെ ഇറക്കി ചേനായി റോഡ് വഴി ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

മേപ്പയ്യൂര്‍ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍ പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി നേരത്തെ പറഞ്ഞ ചേനായി റോഡ് വഴി രീതിയില്‍ ബൈപ്പാസില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

മേപ്പയ്യൂര്‍ ഭാഗത്തുനിന്നുംവരുന്ന ലൈന്‍ ബസ്സുകള്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആളെ ഇറക്കി തിരിച്ചുപോകേണ്ടതാണ്.

മേപ്പയ്യൂര്‍ ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ കോര്‍ട്ട് റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.

വലിയ വാഹനങ്ങള്‍ വാല്യക്കോട് കനാല്‍ റോഡ്, ചേനോളി റോഡ് വഴി പോകേണ്ടതാണ്.

നവകേരള സദസ്സിനായി വരുന്ന ഇരുചക്രവാഹനങ്ങള്‍ ഹൈസ്‌കൂള്‍ റോഡിലുള്ള പാര്‍ക്കിങ് ഗ്രൗണ്ട് 1 (കിഴിഞ്ഞാണ്യം ക്ഷേത്രത്തിന് സമീപം) പാര്‍ക്കിങ് ഗ്രൗണ്ട് 2 (ശിശുമന്ദിരം റോഡിന് സമീപം) പാര്‍ക്ക് ചെയ്യേണ്ടതാണ്.

നവകേരള സദസ്സിനായി വരുന്ന മറ്റു ചെറുവാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ട് 3- അഡ്വ.രാജേഷിന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്യേണ്ടതാണ്.

24ാം തിയ്യതി ഉച്ചക്ക് രണ്ടുമണിമുതല്‍ ചാനിയം കടവ്-വടകര റൂട്ടില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.

അന്നേദിവസം ഉച്ചയ്ക്ക് 1.30 വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന വാഹനങ്ങളെ പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നവകേരള യാത്ര കടന്നുപോകുന്ന വഴിയില്‍, കല്ലോട് മുതല്‍ പേരാമ്പ്ര മാര്‍ക്കറ്റ്, മേപ്പയ്യൂര്‍ റോഡ് ജങ്ഷന്‍, ഹൈസ്‌കൂള്‍ റോഡ്, എരവട്ടൂര്‍ കനാല്‍മുക്ക് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും യൊതുരവിധ പാര്‍ക്കിംഗും അനുവദിക്കില്ല.