നാല് വര്‍ഷത്തിനിടെ പാവങ്ങള്‍ക്ക് എട്ട് സ്‌നേഹവീടുകള്‍; അരിക്കുളം ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാതൃകയാവുന്നു


അരിക്കുളം: നാലു വര്‍ഷത്തിനുള്ളില്‍ ദരിദ്രരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ എട്ടോളം പേര്‍ക്ക് പുതിയ വീടുകള്‍, നാല് വീടുകള്‍ ഭാഗികമായി നിര്‍മ്മാണം, ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകുന്നത് ഇങ്ങനെയാണ്. ഭവന നിര്‍മ്മാണം മാത്രമല്ല നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ പ്രദേശത്ത് നടപ്പാക്കുന്നത്.

കാരയാട്, ഏക്കാട്ടൂര്‍, തറമ്മലങ്ങാടി എന്നിവിടങ്ങളിലാണ് സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. പല വീടുകളുടെയും അറ്റകുറ്റപ്പണികള്‍ കൂടി ഇതൊടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആറ് വീടുകള്‍ പൂര്‍ണമായും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പലരില്‍ നിന്നായി പണം പിരിച്ചാണ് നിര്‍മ്മിച്ചത്. ലൈഫ് പദ്ധതിയുടെ ധനസഹായം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പ്രയാസത്തിലായ രോഗികളായ രണ്ടു പേരുടെ വീടുകള്‍ അടുത്ത കാലത്ത് പൂര്‍ണമായും നിര്‍മിച്ചു നല്‍കി.

സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിട്ടും ആനുകൂല്യം നിഷേധിക്കപ്പെടുന്ന അശരണര്‍ക്കാണ് ഭൂരിഭാഗം വീടുകളും നിര്‍മിച്ചു നല്‍കിയത്. ഏറ്റവും ഒടുവിലായി, രോഗിയായ രയരോത്ത് കുഞ്ഞായിക്കും കുടുംബത്തിനുമാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും സാമ്പത്തിക സഹായത്തിലൂടെ സ്‌നേഹത്തണല്‍ ഒരുക്കിയത്.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അഹമ്മദ് മൗലവി ചെയര്‍മാനായും കോണ്‍.ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.അഷറഫ് കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭനവ നിര്‍മാണ കമ്മിറ്റിയാണ് താക്കോല്‍ കൈമാറിയത്. ജീവകാരുണ്യപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാക്കിയവരാണ് ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി പറഞ്ഞു.

പ്രദേശത്തെ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.കെ.അഷറഫ്, അനസ് കാരയാട്, കെ.കെ.കോയക്കുട്ടി, രാമദാസ്, അമ്മദ് പൊയിലങ്ങല്‍, ടി.മുത്തുകൃഷ്ണന്‍, കെ.എം.അബ്ദുള്‍സലാം എന്നിവര്‍ നേതൃത്വം നല്‍കുന്നു.