ഇരിങ്ങലില്‍ അടിപ്പാത വേണമെന്ന് ആവശ്യം ശക്തം; എന്‍.എച്ച്.എ.ഐ ഓഫീസിലേക്ക് ധര്‍ണ്ണയുമായി സമരസമിതി അംഗങ്ങള്‍


ഇരിങ്ങല്‍: ഇരിങ്ങലില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് എന്‍.എച്ച്.എ.ഐ ഓഫീസിലേക്ക് ധര്‍ണ്ണയുമായി സമരസമിതി അംഗങ്ങള്‍. നാളെ രാവിലെ പത്ത് മണിക്കാണ് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ദേശീയപാത പണി തുടങ്ങുന്ന സമയത്ത് ഇവിടെ അടിപ്പാത നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും അടിപ്പാത നിര്‍മ്മിക്കാത്തതിനാലാണ് ശക്തമായ സമരവുമായി സമരസമിതി രംഗത്തുവന്നിരിക്കുന്നത്.

റെയില്‍വേ സ്‌റ്റേഷന്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, റേഷന്‍കട, പകല്‍വീട്, അക്ഷയ കേന്ദ്രം, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിലേക്ക് എത്തിപ്പെടാന്‍ രണ്ട് കിലോമീറ്റര്‍ അകലെയുളള മൂരാട് അണ്ടര്‍പാസ്സിനെ ആശ്രയിക്കേണ്ടി വരും ഇവിടുത്തെ ജനങ്ങള്‍.

ദേശീയപാത പണി പൂര്‍ത്തിയാവുന്നതോടെ ഇരിങ്ങല്‍ പ്രദേശം രണ്ടായി മാറുമെന്നാണ് സമരസമിതിയുടെ ആരോപണം. നിലവില്‍ സര്‍വ്വീസ് റോഡ് രണ്ടുഭാഗത്തും ഒന്നരമീറ്ററോളം കോണ്‍ഗ്രീറ്റ് ഭിത്തി ഉയര്‍ത്തുന്നതോടെ ഇരിങ്ങല്‍ പൂര്‍ണ്ണമായും പരസ്പര ബന്ധമില്ലാത്ത പ്രദേശങ്ങളായി മാറും.

ഇരിങ്ങല്‍ ടൗണില്‍ അടിപ്പാത അനുവദിച്ച് ലഭിക്കുന്നവരെ പ്രക്ഷാഭവുമായി മുന്നോട്ടുപോവുമെന്ന് സമരസമിതി അംഗം അരവിന്ദാക്ഷന്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എകദേശം നൂറോളം പേര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.