ചെറുപ്പം മുതലേ കനാലില്‍ നീന്തി കളിച്ചു വളര്‍ന്നവര്‍, എന്നിട്ടും…! ചെരണ്ടത്തൂരിലെ വള്ളം മറിഞ്ഞുണ്ടായ മരണത്തിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍
വടകര: ഇന്നലെയുണ്ടായ തോണി അപകടത്തിന്റെ നടുക്കം വിട്ട് മാറാതെ ചെരണ്ടത്തൂർ ഗ്രാമം. സുഹൃത്തുക്കളും അയൽവാസികളുമായ യുവാക്കളുടെ മരണത്തെ ഉൾക്കൊള്ളാൻ വീട്ടുകാർക്കും നാട്ടുകാർക്കും ഇനിയും കഴിഞ്ഞിട്ടില്ല. വടക്കേ വലിയ സുധീറിന്റെ മകൻ ആദിദേവ് (17) കേക്കണ്ടി സുധീറിന്റെ മകൻ ആദികൃഷ്ണ (17 ) ഇവരാണ് ഇന്നലെ ഉണ്ടായ തോണി അപകടത്തിൽ മരണപ്പെട്ടത്.
ആദിദേവും ആദികൃഷ്ണയും ചെറുപ്പം മുതലേ കനാലിൽ നീന്തിയും കളിച്ചും വളർന്നവരാണ്. എന്നിട്ടും ഇവരുടെ ജീവനെടുക്കാൻ കാരണമായത് ആ കനാൽ തന്നെയായതാണ് നാട്ടുകാരെ ഏറെ ദുഃഖത്തിൽ ആക്കുന്നത്. പായലിൽ കുടുങ്ങി തോണി മറിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് പേർക്കും കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് ആറുമണിയോടെ എടത്തുംകര കേയിക്കണ്ടി കടവിൽ നിന്നാണ് മൂന്നുപേരും മീൻ പിടിക്കാൻ തോണിയിൽ കനാലിലേക്ക് പോയത്. അപകടം പെട്ടെന്നായിരുന്നു സംഭവിച്ചത്. കനാലിന്റെ മറുഭാഗത്തെ തിരുവള്ളൂർ പഞ്ചായത്തിലെ മഠത്തിൽ താഴക്കുന്ന് ഭാഗത്തേക്ക് നീന്തിയെത്തിയ അഭിമന്യു നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. ആദിദേവിനെയും ആദ്യകൃഷ്ണനെയും തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
രണ്ടുപേരും നാട്ടിലെ കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. നാട്ടിലെ ഏതൊരു പരിപാടിയും വിജയിപ്പിക്കാൻ രണ്ടുപേരും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.രണ്ടുപേരും വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു.