ദേശീയപാതാ ബൈപ്പാസില്‍ കാട്ടുവയല്‍- പന്തലായനി- വിയ്യൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കുക, കൈക്കനാല്‍ സംരക്ഷിക്കുക; ഒപ്പുശേഖരണവുമായി കര്‍മ്മസമിതി
കൊയിലാണ്ടി: ദേശീയപാത 66 ന്റെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കാട്ടുവയല്‍-പന്തലായനി-വിയ്യൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കുക, കൈക്കനാല്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍മ്മസമിതി ഒപ്പ് ശേഖരണം നടത്തി. രണ്ട് ആവശ്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് കൈക്കനാല്‍ സംരക്ഷണ സമിതിയും കര്‍മ്മ സമിതിയും എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.
വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്ര ഉറപ്പുവരുത്താനായി ഇവിടെ അടിപ്പാത നിര്‍മ്മിക്കുമെന്ന് നേരത്തേ ഉറപ്പ് ലഭിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം സംവിധാനമൊന്നും ഇല്ലെന്നാണ് അറിയുന്നതെന്ന് കര്‍മ്മ സമിതി ആരോപിക്കുന്നു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (പഴയ ബോയ്‌സ് സ്‌കൂള്‍), ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പ്രദേശങ്ങളിലുള്ളത്.
കൊയിലാണ്ടി നഗരസഭയിലെ 11, 12, 13, 14, 15 എന്നീ വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികളെയും കൊണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ പന്തലായനി-വിയ്യൂര്‍ റോഡ്, കാട്ടുവയല്‍-പന്തലായനി റോഡ് എന്നീ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സൈക്കിളിലും കാല്‍നടയായും ഈ വഴിയിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ പതിവായി സഞ്ചരിക്കാറുണ്ട്.
എന്നാല്‍ അടിപ്പാത നിര്‍മ്മിക്കാതെ ഇവിടെ ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിച്ചാല്‍ ഈ വഴികളെല്ലാം അടയും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് പോകാനായി കിലോമീറ്ററുകളോളം അധികദൂരം സഞ്ചരിക്കേണ്ടി വരികയും കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് കര്‍മ്മ സമിതി പറയുന്നു. ഇത് പരിഹരിക്കാനായി കാട്ടുവയല്‍-പന്തലായനി-വിയ്യൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കാനായി ഇടപെടണമെന്നാണ് സമിതി എം.എല്‍.എയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ പ്രദേശത്ത് തന്നെയാണ് ബൈപ്പാസ് കൈക്കനാലും സ്ഥിതി ചെയ്യുന്നത്. 14-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൈക്കനാലിനെ മുറിച്ചുകടന്നാണ് ബൈപ്പാസ് പോകുന്നത്. പ്രധാന കനാലില്‍ നിന്ന് ഈ കൈക്കനാലിലൂടെ എത്തുന്ന വെള്ളമാണ് വേനല്‍ക്കാലത്ത് ഈ പ്രദേശത്തിന്റെ ദാഹമകറ്റുന്നത്. നഗരസഭയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കിണറുകളില്‍ പോലും വെള്ളമെത്തിക്കുന്നത് ഈ കൈക്കനാലാണ്.
കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യം നേരത്തേ തന്നെ അധികൃതരെ അറിയിച്ചിരുന്നു. കനാല്‍ പൊളിക്കാതെ 45 മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിച്ച് കനാല്‍ സംരക്ഷിച്ചുകൊണ്ടാണ് ബൈപ്പാസ് കടന്നു പോകുക എന്നാണ് അന്ന് അധികൃതര്‍ നല്‍കിയ മറുപടി. കൈക്കനാല്‍ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ഏതെങ്കിലും മുന്‍നടപടികള്‍ ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് ദേശീയപാതാ അതോറിറ്റി ഇതുവരെ നടത്തിയിട്ടില്ല. ഇക്കാര്യം ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. കൈക്കനാല്‍ നിലനിര്‍ത്തണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെയും ആവശ്യം.
പ്രദേശത്തെ ജനങ്ങള്‍ ബൈപ്പാസിന് എതിരല്ലെന്ന് കൈക്കനാല്‍ സംരക്ഷണ സമിതി പറഞ്ഞു. എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഗുരുതരമായ സാഹചര്യം ഒഴിവാക്കാനായി കൈക്കനാല്‍ നിലനില്‍ക്കുകയോ അല്ലെങ്കില്‍ ബൈപ്പാസ് കടന്ന് പോകുന്ന വഴിയിലൂടെ കനാല്‍ ജലം ഒഴുകുന്നതിനാവശ്യമായ പകരം സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് സമിതി എം.എല്‍.എയോട് ആവശ്യപ്പെട്ടിരിക്കുന്നത്.