തിരുവങ്ങൂരില്‍ ഓവുചാല്‍ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ദുരിതത്തിലായി കാല്‍ നടയാത്രക്കാര്‍; അപകടങ്ങള്‍ നിത്യ സംഭവം


കൊയിലാണ്ടി: ഓവുചാല്‍ കീറിയിട്ട് സ്ലാബിട്ട് മൂടാത്തതിനാല്‍ ദുരിതത്തിലായി കാല്‍ നടയാത്രക്കാരും വാഹനങ്ങളും. കൊയിലാണ്ടി- കോഴിക്കോട് റൂട്ടില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.

വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ ഗട്ടറിലേക്ക് വീഴുകയും പരിക്ക് പറ്റുകയും ചെയ്യുന്നതായി പരാതിയുണ്ട്. കൂടാതെ വലിയ വാഹനങ്ങള്‍ പോവുമ്പോള്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ട് നേരിടുന്നു.

ഓവുചാല്‍ സ്ലാബ് ഇട്ട് മൂടണമെന്ന് നിരന്തരം കരാറുകാരെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.