സി.പി.എം നേതാവ് പി.ഗോവിന്ദന്‍ മാസ്റ്ററുടെ ഓര്‍മ്മകളില്‍ കൊയിലാണ്ടി; മുപ്പത്തിമൂന്നാം അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുതിര്‍ന്ന സി.പിഎം നേതാവും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.ഗോവിന്ദന്‍ മാസ്റ്ററുടെ മുപ്പത്തിമൂന്നാം അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു.

അനുസ്മരണ പരിപാടികളുടെ ഭാഗമായി ചിത്രരചനാ മത്സരം ചിത്രകാരന്‍ സായി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുറുവങ്ങാട് വച്ചാണ് ചിത്രരചനാ മത്സരം നടന്നത്. ചടങ്ങില്‍ ഇ.സുരേഷ് അധ്യക്ഷത വഹിച്ചു.

അഡ്വക്കറ്റ് കെ. സത്യന്‍, എം. ബാലകൃഷ്ണന്‍. പി. കെ. ഭരതന്‍, വി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്മാരായ സുരേഷ്.എസ്.ആര്‍. എസ്. ഹസ്രത്ത് മാസ്റ്റര്‍, പി.കെ. വിജയകുമാര്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. ടി. ചന്ദ്രന്‍ സ്വാഗതവും കെ.സിറാജ് നന്ദിയും പറഞ്ഞു.
അനുസ്മരണ പരിപാടികളോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, കുടുംബ സംഗമം, പൊതു യോഗം എന്നിവയും നടത്തുന്നുണ്ട്.