എട്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന്


പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന് വ്യാഴാഴ്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ 41 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും.

തീരദേശ മേഖലയില്‍ ആവിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെയുള്ള പയ്യോളി നഗരസഭയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. ശുദ്ധജലത്തിന് കൊടിയ ക്ഷാമം നേരിടുന്ന കടലോര മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ ഏക പ്രതീക്ഷയാണ് ഈ പദ്ധതി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പുല്‍ക്കൊടിക്കൂട്ടം എന്ന സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നിരവധി സ്ത്രീകള്‍ സമരം ചെയ്തിരുന്നു. കൂടാതെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീക്ക് വടക്കയില്‍ തുടങ്ങിയവ ജനപ്രതിനിധികളും പ്രശ്‌ന പരിഹാരത്തിനായി നിരന്തരമായി ഇടപെടലുകള്‍ നടത്തിയിരുന്നു.

കെ.ദാസന്‍ എം.എല്‍.എ ആയിരുന്ന സമയത്ത് 31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ പദ്ധതിയാണിത്. പദ്ധതിക്ക് ജല അതോറിറ്റിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ടെണ്ടര്‍ ക്ഷണിച്ചത് വാട്ടര്‍ അതോറിറ്റി പുതുതായി നടപ്പിലാക്കിയ ക്വളിറ്റി ആന്‍ഡ് കോസ്റ്റ് ബേസ്ഡ് സെലെക്ഷന്‍ (QCBS) സംവിധാനത്തിലായിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പൈപ്പിന്റെ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവ് കാരണം കരാറുകാരന്‍ ഹൈകോടതിയില്‍ പോവുകയും പദ്ധതി സ്തംഭനാവസ്ഥയിലാവുകയുമായിരുന്നു.

തുടര്‍ന്ന് കരാറുകാരന് അനുകൂലമായി കോടതി വിധി വരികയും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ റീടെണ്ടര്‍ നല്‍കുകയാണെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്നും കാലതാമസം നേരിടുമെന്നുമുള്ള കാര്യം സര്‍ക്കാറിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പദ്ധതിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.