കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശി പിടിയില്‍


കോഴിക്കോട്: നഗരത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. താമരശ്ശേരി ചുണ്ടങ്ങ പൊയില്‍ കാപ്പുമ്മല്‍ ഹൗസില്‍ അതുല്‍(29)ആണ് പിടിയിലായത്. ഇയാള്‍ താമസിച്ച വാടക വീട്ടില്‍ നിന്നും 12.400 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മുണ്ടിക്കല്‍ത്താഴം കോട്ടാംപറമ്പ് കുന്നുമ്മലില്‍ വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി മരുന്ന് വില്‍പന നടത്തിയത്. വില്‍പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡാന്‍സാഫ് സ്‌ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു.

വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് കുടുംബമെന്ന പോലെ ഒരു യുവതിയോടെപ്പമാണ് ഇയാള്‍ വാടക വീട്ടില്‍ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പരിസരവാസികള്‍ക്കോ വീട്ടുടമയ്‌ക്കോ സംശയം തോന്നിയിരുന്നില്ല. പ്രതിക്കെതിരെ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ലഹരി മരുന്ന് വില്‍പന നടത്തിയതിന് കേസ് നിലവിലുണ്ട്. ഇതിനിടെ ജാമ്യത്തിലിറങ്ങി വീണ്ടും വില്‍പ്പന നടത്തുകയായിരുന്നെന്നും പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളണെന്നും പോലീസ് പറഞ്ഞു.