സ്ഥലമേറ്റെടുപ്പിലെയും അലൈന്‍മെന്റിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു; വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകാന്‍ അകലാപ്പുഴ പാലം പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ സാധ്യത


എ.സജീവന്‍

മൂടാടി: കൊയിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തും കൊയിലാണ്ടി മണ്ഡലത്തിലെ മൂടാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതും ദേശീയ പാതക്ക് സമാന്തരമായതും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെക്കടക്കം എളുപ്പം എത്താവുന്ന കൊയിലാണ്ടി കണ്ണൂര്‍ സമാന്തര റോഡിന്റെ ഭാഗമാകുന്നതുമായ അകലാപ്പുഴ പാലം പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ സാധ്യത. കിഫ്ബിയില്‍ 32 കോടി രൂപ അനുവദിച്ച പാലത്തിന്റെ പ്രവൃത്തി പല കാരണങ്ങളാല്‍ ആരംഭിക്കാന്‍ താമസം നേരിടുകയായിരുന്നു.

മൂടാടി പഞ്ചായത്തിലെ മുചുകുന്നില്‍ സ്ഥലമെടുപ്പിലുണ്ടായ പ്രശ്‌നങ്ങള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടു കഴിഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും നഷ്ടപരിഹാര തുകയുടെ ഏകദേശ ധാരണ ഉണ്ടാക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കാന്‍ പോകുന്നത്.

തുറയൂര്‍ പഞ്ചായത്തില്‍ അനുബന്ധ റോഡിനു മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അലൈന്‍മെന്റില്‍ മാറ്റം വരുത്തി ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. സ്ഥല ഉടമകള്‍ ഭൂമിവിട്ടു നല്‍കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കും. ഇതൊഴിവാക്കാന്‍ സ്ഥല ഉടമകള്‍ ഉള്ളൂര്‍ കടവ് പാലത്തിനു നല്‍കിയതുപോലെ മുന്‍കൂര്‍ സമ്മതപത്രം കൊടുത്താല്‍ പാലം പ്രവൃത്തി ഉടന്‍ ആരംഭിക്കാം. സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക വേഗംകിട്ടുകയും ചെയ്യും.

അഡ്വാന്‍സ് പൊസിഷന്‍ പേപ്പറില്‍ സ്ഥല ഉടമകള്‍ ഒപ്പുവെച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ പാലം പണി തുടങ്ങാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രവൃത്തി ഉടന്‍ ആരംഭിക്കാനായി എല്ലാ സാങ്കേതിക പ്രയാസങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് രണ്ടു ഭാഗത്തെ എം.എല്‍.എ.മാരായ ടി പി രാമകൃഷ്ണനും കാനത്തില്‍ ജമീലയും. നിലവിലെ ദേശീയപാതയില്‍ കൊല്ലം ടൗണിന് വടക്കുഭാഗത്ത് ആനക്കുളങ്ങരയില്‍ നിന്നു 6.23 കി ലോമീറ്റര്‍ മുചുകുന്നു റോഡ് അവസാനിക്കുന്നിടത്താണ് അകലാപ്പുഴക്കടവ്. അവിടെയാണ് പാലം നിര്‍മ്മിക്കേണ്ടത്.

508 മീറ്ററാണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന്റെ നീളം. 1.50 മീറ്റര്‍ നീളത്തില്‍ ഒരു ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്ത് ഉണ്ടാവും. 24 മീറ്റര്‍ നീളമുള്ള 15 സ്പാനുകളും 36 മീറ്റര്‍ നീളമുള്ള ഒരു സെന്റര്‍ സ്പാനും ഉള്‍പ്പെടെ ആകെ 16 സ്പാനുകളാണ് ഈ പാലത്തിന് ഉള്ളത്. 155 സെന്റ് ഭൂമിയാണ് ആകെ ഇതിനായി ഏറ്റെടുക്കേണ്ടത്.ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക അടക്കമുള്ള പദ്ധതി എസ്റ്റിമേറ്റാണ് 32 കോടി രൂപ.

അര്‍ഹമായ നഷ്ടപരിഹാരം നിശ്ചയിച്ച് ഉയര്‍ന്ന വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുക. പുഴയുടെ രണ്ടു വശങ്ങളിലും അപ്രോച്ച് റോഡുകളുണ്ട്. പുഴ കടന്നാല്‍ രണ്ടര കിലോ മീറ്റര്‍ ദൂരമാണു തുറയൂരിലേക്കുള്ളത്. പാലം യാഥാര്‍ഥ്യമായാല്‍ കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ദൂര ദൈര്‍ഘ്യം 12 കിലോമീറ്റര്‍ കുറയും. വടക്കന്‍ മേഖലകളിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും.

തുറയൂരിലെ അട്ടക്കുണ്ട് കടവ് പാലം വഴി ചെരണ്ടത്തൂര്‍, തോടന്നൂര്‍, വില്യാപ്പള്ളി വഴി പുറമേരിയിലൂടെ വേറ്റുമ്മല്‍, ഇരിങ്ങണ്ണൂര്‍ വഴി കണ്ണൂര്‍ ജില്ലയിലെ മേക്കുന്ന്, മൊകേരി, പാട്യം, കൂത്തുപറമ്പ്, പെരളശ്ശേരി വഴി കണ്ണൂര്‍ നഗരത്തിലെത്തുന്നതാണ് ബദല്‍ റോഡ്. ദൂര ദൈര്‍ഘ്യം 12 കിലോമീറ്റര്‍ കുറയ്ക്കുന്നതോടൊപ്പം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കോഴിക്കോടുള്ളവര്‍ക്ക് ദൂരം കുറയും. അഴകിന്റെ റാണിയായ അകലാപ്പുഴയിലെ ടൂറിസം രംഗത്തും പാലം വരുന്നതോടെ വന്‍ കുതിപ്പേകും.

സ്ഥലമെടുപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാലം യാഥാര്‍ഥ്യമാകുന്നതും കാത്ത് കഴിയുകയാണ് ഇരുപ ഞ്ചായത്തുകളിലേയും നാട്ടുകാര്‍. അകലാപ്പുഴ പാലത്തിന് ഭരണാനുമതി നേരത്തെ ലഭിച്ചതാണെന്നും നേരത്തെ ഉണ്ടായിരുന്ന അലൈന്‍മെന്റ് പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞുവെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു.