ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം 28 ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ചയുടെ അവസാനത്തോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുക. ആന്ധപ്രദേശ് – ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരദിശ സൂചിപ്പിക്കുന്നത്. ഇതാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടാക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന അറിയിപ്പ്.