നിപ: അതീവ ജാഗ്രതയിൽ കോഴിക്കോട്, കേന്ദ്ര സംഘം കേരളത്തിലേക്ക്; കൺട്രോൾ റൂം തുറന്നു


കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രത നിര്‍ദ്ദേശം. ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേർക്കാണ് നിപ സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം കേരളത്തിലെത്തും. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന്‌ രോഗ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും വീണ കേന്ദ്രമന്ത്രിയെ അറിയിച്ചു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

എല്ലാ ആശുപത്രികളിലും മാസ്‌ക്, പി.പി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

Summary: Nipha The control room was opened at Kozhikode