കാര്‍ഡ് ഇല്ലാതെയും എ.ടി.എമ്മിൽ നിന്ന് പണമെടുക്കാം; യു.പി.ഐ ഉപയോഗിച്ച് പണമെടുക്കുന്നതിങ്ങനെ
രാജ്യത്ത് ആദ്യമായി യു പി ഐഡി ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാനുളള ആശയവുമായി നാഷണല്‍ പേയ്മന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ [ എന്‍ പി സി ഐ] . മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ആണ് യുപിഐ- എടിഎം രീതി അവതരിപ്പിച്ചത്.
ആദ്യം തന്നെ എടിഎം സ്ക്രീനില്‍ യു പി ഐ കാര്‍ഡ്ലെസ്സ് ക്യാഷ് എന്ന ഓപ്ഷന് കാണിക്കുന്നു. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിവിധ തുകകള്‍ സ്ക്രീനില്‍ തെളിയുന്നു. 100 രൂപ, 500 രൂപ, 1,000 രൂപ, 2,000 രൂപ, 5,000 രൂപ എന്നിങ്ങനെ. ഇതില്‍ നിന്ന് എത്ര രൂപയാണോ ആവിശ്യം അതില്‍ ക്ലിക്ക് ചെയ്യുക.
തുക തിരഞ്ഞെടുത്താല്‍ പിന്നെ സ്ക്രീനില്‍ ഒരു ക്യൂആര്‍ കോഡ് തെളിയുന്നതാണ്. നിങ്ങളുടെ കൈയ്യിലെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് നിങ്ങള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പ് തുറക്കണം. എന്നിട്ട് ഗൂഗിള്‍ പേയും ഫോണ്‍ പേയോ അതുപോലുള്ള ആപ്പ് തുറന്നതിന് ശേഷം ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതാണ്. പിന്നീട് ഫോണില്‍ തന്നെ യു.പി.ഐ പാസവേര്‍ഡ് നല്കിയാല് വളരെ എളുപ്പത്തില്‍ തന്നെ എ.ടി.എമില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. നിലവില്‍ ഒരു ഇടപാടിലൂടെ 10,000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കുക.
രജിസ്റ്റര്‍ ചെയ്ത യു.പി.ഐ ആപ്പ് ഉളളവര്‍ക്ക് ഇങ്ങനെ പണം പിന്‍വലിക്കാന്‍ സാധിക്കും. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ എല്ലാ അക്കൗണ്ടുകളില്‍ നിന്നും 10,000 രൂപ വീതം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ യു.പി.ഐ-എ.ടിഎം ഇടപാടുകള്‍ക്കായി ഇഷ്യു ചെയ്യുന്ന ബാങ്ക് സൂചിപ്പിക്കുന്ന പരിധികള്‍ക്ക് വിധേയമായിരിക്കും.
നിലവില്‍ രാജ്യത്ത് മുംബൈയില്‍ മാത്രമാണ് ഈ സൗകര്യമുളളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കൂടാതെ രാജ്യത്ത് നിലവിലുളള എ.ടി. എം കൗണ്ടറുകളിലെല്ലാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.