പുളിയഞ്ചേരി യു.പി സ്‌കൂളിന് സമീപം വീട്ടില്‍ കള്ളന്‍ കയറി; ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിച്ചതായി പരാതി


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂളിന് സമീപത്തുള്ള വീട്ടില്‍ കള്ളന്‍ കയറി സ്വര്‍ണാഭരണം മോഷ്ടിച്ചതായി പരാതി. സ്‌കൂളിന് പിറകിലുള്ള കാട്ടില്‍താഴെ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുനീറിന്റെ മകളുടെ മുക്കാല്‍പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് നഷ്ടമായത്.

പുലര്‍ച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് സംഭവം. വീടിന്റെ മുറിയുടെ ജനല്‍ തുറന്ന്, അകത്ത് ഉറങ്ങിക്കിടന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കഴുത്ത് വേദനിച്ച കുട്ടി ഉറക്കമുണര്‍ന്ന് ലൈറ്റിട്ട് നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലായത്.

ഉടനെ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചു. അഞ്ചുമണിയോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുനീറിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇതുവരെ കള്ളന്മാരുടെ ശല്യമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.