കുറ്റ്യാടിയിലെ ഡോക്ടര്‍ ഡി. സച്ചിത്തിന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; തട്ടിപ്പ് പുറത്തറിഞ്ഞത് ഗള്‍ഫിലുള്ള സുഹൃത്തിന് സംശയം തോന്നിയതോടെ


കുറ്റ്യാടി: പ്രമുഖരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പണം തട്ടുന്ന സംഘം വീണ്ടും രംഗത്ത്. കുറ്റ്യാടിയിലെ ശിശുരോഗ വിദഗ്ധനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. ഡി. സച്ചിത്തിന്റെ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഏറ്റവുമൊടുവിലായി തട്ടിപ്പ് നടത്തിയിരിക്കുന്നത്.

‘എനിക്ക് ഒരു സഹായം ചെയ്യണം, താങ്കള്‍ക്ക് ഗൂഗിള്‍ പേയുണ്ടെങ്കില്‍ ഇതോടൊപ്പം ചേര്‍ത്ത നമ്പറില്‍ എന്റെ സുഹൃത്തിന് 10,000 രൂപ അയക്കണം. നാളെ രാവിലെ തരും’ എന്ന് മെസഞ്ചറിലൂടെ സന്ദേശം അയക്കുകയാണ് ചെയ്യുനനത്. ഗള്‍ഫിലുള്ള ഡോക്ടറുടെ സുഹൃത്തിന് ഇത്തരമൊരു സന്ദേശം ലഭിക്കുകയും അദ്ദേഹം ഇത് തട്ടിപ്പാണെന്ന് മനസിലാക്കുകയും ചെയ്തതോടെ ഡോക്ടറെ ഇക്കാര്യം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വ്യാജ ഐഡിയും ഫോട്ടോയും വെച്ച് പണം ചോദിക്കുന്നുണ്ടെന്നും വഞ്ചിതരാവരുതെന്നും ഡോക്ടര്‍ വ്യക്തിപരമായും സമൂഹമാധ്യമങ്ങള്‍ വഴിയും അറിയിച്ചു. സംഭവം പുറത്തായതോടെ ഫേസ്ബുക്കില്‍ നിന്ന് ഡോക്ടറുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ പിന്‍വലിച്ചിട്ടുണ്ട്.

നേരത്തെ കുറ്റ്യാടി, നാദാപുരം മേഖലകളിലെ ചില മുസ്‌ലിം ലീഗ് ഭാരവാഹികളുടെ വിലാസം സൃഷ്ടിച്ച് ഫോട്ടോവെച്ച് പണം വായ്പയായി ആഴശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തട്ടിപ്പ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഒന്നരലക്ഷം രൂപ തട്ടിയിരുന്നതായും പൊലീസ് പറയുന്നു.