പ്രദീപന്‍ പാമ്പിരികുന്നിന്റെ ‘ എരി’ അരങ്ങിലെത്തിച്ച് സഹപ്രവര്‍ത്തകനും നാടക സംവിധായകനുമായ എം.കെ സുരേഷ് ബാബു


എ സജീവ്കുമാർ

കൊയിലാണ്ടി: അകാലത്തില്‍ ഒരപകടത്തിലൂടെ ഓര്‍മ്മയായി മാറിയ ഡോ പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അവസാന രചനയായ എരി എന്ന നോവല്‍ നാടകമായി കാണികളിലേക്കെത്തുന്നു. സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും പ്രശസ്ത നാടക സംവിധായകനുമായ എം.കെ. സുരേഷ് ബാബുവാണ് എരി നാടക രൂപത്തിലാക്കിയതും അത് സംവിധാനം ചെയ്യുന്നതും. പൂര്‍ത്തീകരിക്കാത്ത നോവലിന്റെ അവസാന ഭാഗം സഹപ്രവര്‍ത്തകനായ നാടകകാരനുമായി ചര്‍ച്ച ചെയ്തിരുന്നു എന്ന് നാടകത്തിന്റെ അവസാന ഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പറയ സമുദായത്തിന്റെ ജീവിത സംസ്‌കാരത്തേയും അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളുടേയും അതിജീവനത്തിന്റേയും കഥയാണ് നോവലില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. കുറുമ്പ്രനാട് താലൂക്കിലെ പറയനാര്‍ പുരത്തു നിന്നും പേരാമ്പ്ര, അരിക്കുളം, അഞ്ചാംപീടിക, ചാനിയംകടവ്, ചെറുവണ്ണൂര്‍, പന്നി മുക്ക് എന്നിഗ്രാമങ്ങളില്‍ വ്യാപിച്ചു വളര്‍ന്ന പഴയ കാല ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം നാടകത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. എരി എന്ന അമാനുഷിക ശക്തിയുള്ള ഒരു കഥാപാത്രത്തിലൂടെ ഒരു സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥ പറയുകയാണ് ചെയ്യുന്നത്.

പറയ സമുദായത്തെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രദീപന്‍ എന്ന ഗവേഷകനിലൂടെയാണ് നാടകം ആരംഭിക്കുന്നത്. ആത്മകഥാപരമായി എരിയായി മാറ്റപ്പെടുന്ന കഥാപാത്രത്തിലൂടെ മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ ഒട്ടേറെ രംഗങ്ങള്‍ നാടകത്തിലുണ്ട്. സജീവ് കീഴരിയൂരാണ് ഗവേഷകനെയും എരിയേയും രംഗത്ത് അനശ്വരമാക്കുന്നത്. മുരളി നമ്പ്യാര്‍, മുഹമ്മദ് എവട്ടൂര്‍, കെ.സി.സുരേഷ്, ഡോ മഹിമ ശശിധരന്‍, രഘുനാഥ് മേലൂര്‍, ഷീജ രഘുനാഥ്, കെ.ടി ശ്രീകുമാര്‍, ഇ.വിശ്വനാഥന്‍, കിഷോര്‍ മാധവന്‍, ശിവദാസ് മനസ്, ഡെലീഷ്, ജയേഷ് ബാബു കല്ലറ, സുധീഷ് ജൈത്ര, ജിതിന്‍, ഫറൂഖ് ബാവ, ബാലകൃഷ്ണന്‍ കാവും വട്ടം, ആരുഷ്, അര്‍ണവ്, അശ്വകേത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കുന്നു.

മനോഹരമായ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നും പാടിയതും ടി.നാരായണനാണ്. ലൈറ്റ് ഡിസൈനിംഗ് ശശീന്ദ്രന്‍ വിളയാട്ടൂരും ദീപ നിയന്ത്രണം സായൂജ് ഗ്രീമംഗലര്യമാണ്. രാമചന്ദ്രന്‍ ഗിരിജാലയവും പ്രശാന്തുമാണ് മെയ്ക്കപ്പ്. കഴിഞ്ഞ 3 മാസക്കാലമായി കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാളില്‍ ഒരു ക്യാമ്പെന്ന രീതിയില്‍ നാട്ടുകാരുടെ ഉത്സസവമായാണ് റിഹേഴ്‌സല്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

നാടക് കൊയിലാണ്ടിയും റാന്തല്‍ നാടകക്കൂട്ടായ്മയുടേയും സഹായത്തോടെ ഭാസ അക്കാദമി കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയതെന്ന് ക്യാമ്പ് ഡയറക്ടറായ കെ.സി.സുരേഷ് പറയുന്നു. ക്യാമ്പസ് മലയാള വിഭാഗമാണ് നാടകാവതരണത്തിനു പിന്നിലെ പ്രധാന ചോദന. മാര്‍ച്ച്11, 12, 13 തിയ്യതികളിലായി സര്‍വകലാശാല ക്യാമ്പസില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ അരങ്ങേറും. തുടര്‍ന്ന് കേരളമെങ്ങും വിവിധ വേദികളില്‍ അവതരിപ്പിക്കും.