വടകര ഓര്‍ക്കാട്ടേരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ആറ് പേര്‍ ചികിത്സയില്‍


Advertisement

വടകര: ഓർക്കാട്ടേരിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയില്‍ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറ് പേർ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement

കളിയാം വെള്ളി പാലത്തിന് സമീപം റോയല്‍ കാര്‍ വാഷിന് മുന്നില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഓര്‍ക്കാട്ടേരിയില്‍നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിര്‍ ദിശയില്‍നിന്ന് വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണു. കാറിന്റെ മേൽഭാ​ഗം പൂർണ്ണമായും തകർന്നു. എടച്ചേരി പോലീസെത്തി ജിയാദിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

പിക്കപ്പ് വാനിലുണ്ടായിരുന്ന പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് അഫ്ലം (28), കൈനാട്ടി ശക്കീര്‍ (18), കാർ യാത്രികരായ എടച്ചേരി തലായി പട്ടുകണ്ടിയില്‍ അബ്ദുല്‍ റഹിം (30), തലായി ഇര്‍ഷാദ് (30), തലായി നെരോത്ത് ഇസ്മായില്‍ (29), കണ്ണൂക്കര കിഴക്കെ വീട്ടില്‍ നിധിന്‍ ലാല്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവർ ചികിത്സയിലാണ്

Advertisement

മത്തത്ത് കുനിയില്‍ മൊയ്തുവിന്റെയും ഷാഹിദയുടെയും മകനാണ് മരിച്ച ജിയാദ്. ഭാര്യ: ഷഫ്‌ന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: റംഷി, ആദില്‍, സജാദ്.

Summary: A youth died in a collision between a car and a pickup van at Vadakara Orkkatteri, six people were injured