ഊരള്ളൂരിലെ രാജീവന്റെ മരണം: മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും, കേസിൽ നിർണായകം
കൊയിലാണ്ടി: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. രാജീവന്‍റേത് കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന അന്വേഷണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും. അതേസമയം മരിച്ച രാജീവന്റെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും.
മരണം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല. കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാൽ ഡോക്ടര്‍മാരുടെയടക്കം റിപ്പോര്‍ട്ട് കിട്ടിയശേഷമേ വ്യക്തതവരൂവെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. ഇന്നലെ രാജീവന്‍റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലയാളുകള്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വടകര ഡി.വെ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വയലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് കത്തിച്ചതിന്റെ പാടുകളും കണ്ടു. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ മറ്റുഭാഗങ്ങള്‍ കണ്ടെത്തിയത്. രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗങ്ങളില്‍ നിന്നുമാണ് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ ഭാര്യ മൃതദേഹം രാജീവന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.
Summary: Rajeevan body found in Urallur The post mortem will be conducted today