മത്സ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിക്കോടി കോഴിപ്പുറത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍


പയ്യോളി: തിക്കോടി കോഴിപ്പുറത്ത് യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കൊയിലാണ്ടി കൊല്ലം സ്വദേശി യദുപ്രസാദ് (20) നെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.

മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കോഴിപ്പുറം കായലാട്ട് ആദര്‍ശിനാണ് (23) വയറ്റില്‍ കത്തികൊണ്ട് കുത്തേറ്റത്. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദര്‍ശിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പുറക്കാട് റോഡില്‍ കോഴിപ്പുറം ജങ്ഷനില്‍ ബഹളംവെച്ച് മത്സ്യവില്‍പ്പന നടത്തുന്നതും ദുര്‍ഗന്ധം വമിക്കുന്ന വെള്ളം പ്രദേശത്ത് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം മത്സ്യവില്‍പ്പന നടത്തുന്ന ശ്രീജയും മകന്‍ യദുപ്രസാദും നാട്ടുകാരും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കമായി. തര്‍ക്കത്തിനിടെ രാത്രി ഒമ്പതുമണിയോടെ ശ്രീജയും മകനും കോഴിപ്പുറം തച്ചറോത്ത് താഴെക്കുനി അനൂപിനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിക്കവേയാണ് ആദര്‍ശിന് കുത്തേറ്റത്.

യദുപ്രസാദിനെ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൊയിലാണ്ടി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയുടെ മത്സ്യവില്‍പ്പന ഉപകരണങ്ങള്‍ തീയിട്ട നിലയില്‍ കണ്ടെത്തി.