ഒന്നര കോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍


കോഴിക്കോട്: ഒന്നരകോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ് ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ റഷീദ്(50) എന്നിവരാണ് ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് വിജിലന്‍സ് റെയ്ഞ്ചിന്റെ പിടിയിലായത്. എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്.


ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളില്‍ നിന്ന് ഫോറസ്റ്റ് സംഘം ആനക്കൊമ്പ് പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് മാവൂര്‍ റോഡ് ജംങ്ഷനില്‍ വ്യാപാര ഭവനു സമീപത്തെ ചായക്കടയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ആനക്കൊമ്പ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് വിജിലന്‍സ് സംഘം പ്രതികളെ പിടികൂടിയത്. ആവശ്യക്കാരാണെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരുമായി കച്ചവടം ഉറപ്പിച്ച പ്രതികള്‍ കാറില്‍ നിന്ന് ആനക്കൊമ്പ് എടുക്കുന്നതിനിടെയാണ് സംഘം പിടികൂടിയത്.

ചോദ്യംചെയ്യലില്‍നിന്ന് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന ഒരാളുടെതാണ് ആനക്കൊമ്പെന്നും കച്ചവടത്തിനായി ഇവരെ ഏല്‍പ്പിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ എബിന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ ആസിഫ്, കെ വി ശ്രീനാഥ്, ഡ്രൈവര്‍ ജിജീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.